ഗൂഗിളിന് ഇന്ന് ഹാപ്പി ബര്‍ത്ത്‌ഡേ; 10 ലക്ഷത്തിന് വില്‍ക്കാമെന്നു പറഞ്ഞിട്ടും യാഹൂ ഏറ്റെടുക്കാത്ത ഗൂഗിളിന്റെ പ്രയാണമിങ്ങനെ
സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന് ഇന്ന് 21 വയസ് പൂര്‍ത്തിയായി. സ്റ്റാന്‍ഫഡ് യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥികളായിരിക്കെ സെര്‍ജി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിച്ചത്. 1998 ല്‍ ഇതേ ദിവസത്തിലായിരുന്നു ആ ചരിത്രത്തുടക്കം.
ഇരുവരുടെയും സ്റ്റാന്‍ഫഡ് യൂനിവേഴ്‌സിറ്റിയുടെ ഡോര്‍മിറ്ററിയില്‍ വച്ചാണ് ഗൂഗിള്‍ കണ്ടുപിടിച്ചത്. ഇത്തരത്തിലൊരു സെര്‍ച്ച് എന്‍ജിന്‍ തുടങ്ങുന്നതിനെപ്പറ്റി ആദ്യം ഒരു പ്രബന്ധം തയ്യാറാക്കുകയായിരുന്നു.
ഗൂഗിള്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ്, ഇരുവരും ചേര്‍ന്ന് Backrub എന്ന അല്‍ഗരിതം വികസിപ്പിച്ചിരുന്നു. ഗണിതത്തില്‍ 10 ല്‍ നിന്ന് 100 ലേക്ക് ഉയരുന്നുവെന്ന അര്‍ഥം വരുന്ന googol എന്ന വാക്കില്‍ നിന്ന് പ്രചോദനം കൊണ്ടാണ് Google എന്ന പേരുവച്ചത്.
സെപ്റ്റംബര്‍ 27നായിരുന്നില്ല ഗൂഗിള്‍ മുന്‍പ് ജന്മദിനം ആഘോഷിച്ചിരുന്നത്. 2005 വരെ സെപ്റ്റംബര്‍ 7 ആയിരുന്നു ഗൂഗിളിന്റെ ബര്‍ത്ത്‌ഡേ. പിന്നീട് സെപ്റ്റംബര്‍ 8, സെപ്റ്റംബര്‍ 26 എന്നിവയും ആഘോഷിച്ചു. ഒടുവില്‍ സെപ്റ്റംബര്‍ 27 ആയിരിക്കുന്നു.
ലോകം മൊത്തം വ്യാപിച്ചുകിടക്കുന്ന ഗൂഗിള്‍ 100 ലേറെ ഭാഷകളില്‍ പ്രവര്‍ത്തിക്കുന്നു. ഓരോ നിമിഷവും കോടിക്കണക്കിന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു.
10 ലക്ഷം ഡോളറിന് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യാഹൂവിന്റെ മുന്‍കമ്പനിയായ ആല്‍ട്ടവിസ്റ്റയെ സമീപിച്ചു. ലാറി പേജിനും സെര്‍ജി ബിന്നിനും തുടര്‍പഠനം പൂര്‍ത്തിയാക്കണമെന്ന ആവശ്യം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 10 ലക്ഷം ഡോളര്‍ കൊടുക്കാന്‍ മാത്രമില്ലെന്ന് പറഞ്ഞ് ഗൂഗിളിനെ തള്ളിക്കളഞ്ഞു.
പക്ഷെ, ഇരുവരും പിന്മാറിയില്ല. പഴയ കംപ്യൂട്ടറുകള്‍ വാങ്ങി അവര്‍ തന്നെ ഗൂഗിളിനെ വളര്‍ത്താന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം 2002 ല്‍ ആള്‍ട്ടവിസ്റ്റയ്ക്ക് തങ്ങളുടെ തെറ്റ് മനസിലായി. ഗൂഗിളിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. മൂന്നു ബില്യണ്‍ നല്‍കാമെന്നു പറഞ്ഞാണ് ഏറ്റെടുക്കാന്‍ തയ്യാറായത്. എന്നാല്‍ ഗൂഗിള്‍ അഞ്ചു ബില്യണ്‍ ആവശ്യപ്പെട്ടു.
പിന്നീടങ്ങോട്ട് ഗൂഗിളിന്റെ വളര്‍ച്ചയാണ് കണ്ടത്. ഒപ്പം യാഹൂവിനെ ബഹുദൂരം പിന്നിലാക്കിയുള്ള ഓട്ടവും. ഇന്നിപ്പോള്‍ ഗൂഗിളിനു മുന്നില്‍ യാഹൂവിന്റെ പൊടിപോലും കാണാനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."