മഴ ശക്തമാകുന്നു; കുറ്റ്യാടിയില്‍ റോഡുകള്‍ തോടുകളായി
കുറ്റ്യാടി: മഴ കനത്തതോടെ ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ചളിക്കുളമായതോടെ കാല്‍നട യാത്രപോലും ദുരിത പൂര്‍ണമായി. നീലേച്ചുകുന്ന് തീക്കുനി റോഡ്, നരിക്കൂട്ടുംചാല്‍ നടുപ്പൊയില്‍ റോഡ്, കുളങ്ങരത്താഴ ചങ്ങരംകുളം റോഡ്, വളയന്നൂര്‍ നെല്ലിക്കണ്ടിപ്പിടിക റോഡ് തുടങ്ങി കുറ്റ്യാടി മേഖലയിലെ ഏതാണ്ട് എല്ലാ റോഡുകളും തകര്‍ന്ന് കുണ്ടും കുഴിയുമായ നിലയിലാണ്.
നീലേച്ചുകുന്ന് തീക്കുനി റോഡില്‍ ആയഞ്ചേരി മുതല്‍ വടയം റേഷന്‍കടവരെയുള്ള ഭാഗം വീതികൂട്ടി റീ ടാറിങ്ങ് നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു. റേഷന്‍ കടമുതല്‍ നീലേച്ചുകുന്ന് വരെയുള്ള ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരമാണ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാര്‍ക്ക് ദുരിതമായിട്ടുള്ളത്. വടകരക്കുള്ള എളുപ്പമാര്‍ഗമായതിനാല്‍ ചരക്ക് വാഹനങ്ങളും, ചെറു വാഹനങ്ങളും അടക്കം നൂറ് കണക്കിന് വാഹനങ്ങള്‍ ഇതു വഴി കടന്നു പോകുന്നുണ്ട്. കുറ്റ്യാടി നിന്ന് തീക്കുനി ആയഞ്ചേരി വഴി വടകരക്കുളള ബസുകളും, കുറ്റ്യാടി വേളംപഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജനകീയം ജീപ്പുകളും ഇതുവഴിയാണ് കടന്നു പോകുന്നത്.
റോഡ് തകര്‍ന്നതോടെ ഓട്ടോറിക്ഷകളും മറ്റ് ചെറു വാഹനങ്ങളും ഇതുവഴിയുള്ള സര്‍വിസ് ഒഴിവാക്കുകയാണ്. റോഡ് അറ്റകുറ്റപണിക്ക് ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല.
പൂക്കാട് കായക്കൊടി റോഡില്‍ പൂക്കാട് റേഷന്‍ കടക്ക് സമീപമാണ് റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായത്. റോഡിന്റെ 200 മീററര്‍ ഭാഗം കാല്‍ നടപോലും പറ്റാത്തവിധം തകര്‍ന്ന നിലയിലാണ്. മറ്റ് റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിട്ട് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റ പണി നടത്താന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
തകര്‍ന്ന് കിടക്കുന്ന റോഡുകളില്‍ ക്വാറി വേസ്‌റ്റെങ്കിലും ഉപയോഗിച്ച് താല്‍ക്കാലിക പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."