ഇഴജന്തുക്കള്‍ താവളമാക്കി സ്‌കൂളിന് സമീപത്തെ സര്‍ക്കാര്‍ വക കെട്ടിടം പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതര്‍
പനമരം: ഗവ.എല്‍.പി സ്‌കൂളിന് സമീപമുള്ള കാടുമൂടിയ സര്‍ക്കാര്‍ വക കെട്ടിടം വിദ്യാര്‍ഥികള്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നു. വര്‍ഷങ്ങള്‍ പഴമുള്ള കെട്ടിടം പാതി പൊളിഞ്ഞും കാടുമൂടിയും ഇഴ ജന്തുക്കളുടെ താവളമായിരിക്കുകയാണ്. ആയിരത്തോളം കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
ചെറിയ ക്ലാസിലെ വിദ്യാര്‍ഥികളടക്കം കെട്ടിടത്തിന്റെ ഭാഗത്തേക്ക് പോകുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. സമീപത്തെ വീടുകളിലും മറ്റു സ്ഥാപനങ്ങളില്‍ ഇടക്കിടെ ഇഴ ജന്തുക്കളുടെ ശല്യമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ജീര്‍ണാവസ്ഥയിലായ കാടു മൂടിയ സര്‍ക്കാര്‍ വക കെട്ടിടത്തിന്റെ പരിസരങ്ങളില്‍ നിന്നാണ് ചുറ്റുവട്ടങ്ങളിലേക്ക് ഇഴജന്തുക്കളെത്തുന്നത്.
ആദ്യകാലത്ത് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസായി ഉപയോഗിച്ചിരുന്നതാണീ കെട്ടിടമെന്ന് പറയപ്പെടുന്നു. പിന്നീട് പനമരം എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകര്‍ താമസത്തിന് ഈ കെട്ടിടത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ആരും ഉപയോഗിക്കാതായതോടെ കെട്ടിടം കാടുമൂടുകയും നശിക്കുകയുമായിരുന്നു.
ഏതാണ്ട് 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കെട്ടിടത്തിന്റെ പിന്‍വശം പൊളിഞ്ഞി വീണിട്ടുണ്ട്. പനമരം പഞ്ചായത്തിന്റെ സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
കെട്ടിടത്തിന്റെ പരിസരത്തെ കാടുവെട്ടി തെളിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലമാണ് ഉറപ്പ് വരുത്തിയതിനാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൈയൊഴിഞ്ഞ മട്ടാണ്. കെട്ടിടത്തിന്റെ പരിസരത്തെ കാടുവെട്ടാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ അധികൃതരോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."