താജ്മഹല്‍ പള്ളിയില്‍ നിസ്‌കാരങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: താജ്മഹല്‍ പള്ളിയില്‍ ജുമുഅ നിസ്‌കാരം (വെള്ളിയാഴ്ചകളിലെ പ്രത്യേക പ്രാര്‍ഥന) ഒഴിച്ചുള്ള മറ്റു നിസ്‌കാരങ്ങള്‍ക്ക് വിലക്ക്.
താജ്മഹല്‍ സ്ഥിതിചെയ്യുന്ന വളപ്പിലെ പള്ളിയിലാണ് ഇന്ത്യന്‍ പുരാവസ്തു വകുപ്പ് മറ്റു നിസ്‌കാരങ്ങള്‍ വിലക്കിയത്. നിസ്‌കാരത്തിന് വുളു (അവയവങ്ങള്‍ ശുദ്ധീകരിക്കല്‍) ചെയ്യുന്നതിനുള്ള ഹൗള് (ജലസംഭരണി) പുരാവസ്തു വകുപ്പ് അധികൃതര്‍ ശനിയാഴ്ച അടച്ചുപൂട്ടി.താജ്മഹല്‍ അടച്ചിടാറുള്ള വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ രണ്ടുമണിവരെ പ്രവേശന ടിക്കറ്റില്ലാതെ തന്നെ താജ്മഹല്‍ പള്ളിയില്‍ പ്രദേശത്തുകാര്‍ക്കു നിസ്‌കരിക്കന്‍ അനുമതിയുണ്ട്. മറ്റുദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ടിക്കറ്റ് വാങ്ങിയ ശേഷം നിസ്‌കരിക്കാനും അനുമതിയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. പുതിയ നടപടിയോടെ പുറമെനിന്നുള്ളവര്‍ക്ക് താജ്മഹല്‍ പള്ളിയില്‍ സമ്പൂര്‍ണ വിലക്കും പ്രദേശത്തുകാര്‍ക്ക് ജുമാ നിസ്‌കാരം മാത്രവും ലഭിക്കും.
സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. താജ്മഹല്‍ നില്‍ക്കുന്ന ആഗ്രക്കു പുറത്തുനിന്നുള്ളവര്‍ക്ക് താജ്മഹല്‍ പള്ളിയില്‍ നിസ്‌കരിക്കുന്നതു വിലക്കിയുള്ള ആഗ്ര സിറ്റി അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ (എ.ഡി.എം) നടപടി ശരിവച്ച് ജൂലൈയില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇതുസംബന്ധിച്ചുള്ളത്. 2018 ജനുവരി 24നാണ് പുറമേ നിന്നുവരുന്നവര്‍ക്ക് പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയത്.
ദിനംപ്രതി നൂറുകണക്കിനു വിനോദസഞ്ചാരികളെത്തുന്ന ആഗ്രയില്‍ അവര്‍ക്ക് താജ്മഹല്‍ പള്ളിയില്‍ പ്രാര്‍ഥന നടത്താനുള്ള അവസരം നിഷേധിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പള്ളി കമ്മിറ്റി നല്‍കിയ ഹരജി തള്ളിക്കൊണ്ടുള്ള ജൂലൈയിലെ സുപ്രിം കോടതി ഉത്തരവിന്റെ മറവിലാണ് ഇപ്പോഴത്തെ തീരുമാനം. നിലവില്‍ ഇമാം സയ്യിദ് സാദിഖ് അലിയും കുടുംബവുമാണ് പതിറ്റാണ്ടുകളായി 15 രൂപ പ്രതിമാസ വേതനത്തിന് താജ്മഹല്‍ പള്ളിയില്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കിവരുന്നത്. ഇവര്‍ക്കും ഇനി വെള്ളിയാഴ്ച മാത്രമെ പള്ളി കാണാന്‍ കഴിയുള്ളു. അതേസമയം, പള്ളിയില്‍ എന്തിനാണ് ജുമുഅ ഒഴികെയുള്ള നിസ്‌കാരങ്ങള്‍ പുരാവസ്തു വകുപ്പ് വിലക്കിയതെന്ന് അറിയില്ലെന്ന് താജ്മഹല്‍ പള്ളിയുടെ പരിപാലന അധികാരമുള്ള താജ്മഹല്‍ ഇന്‍തിസാമിയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഹുസൈന്‍ സൈദി പറഞ്ഞു. നിലവില്‍ സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള സര്‍ക്കാരുകളുടെ മുസ്‌ലിംവിരുദ്ധ മനോഭാവങ്ങളുടെ ഭാഗമാണിതെന്നും പുരാവസ്തുവകുപ്പിനെ കണ്ട് എല്ലാ നിസ്‌കാരത്തിനായും പള്ളി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."