കോടതിവിധിക്കെതിരേ നടക്കുന്ന സമരങ്ങള്‍ ലജ്ജാകരം: സന്ദീപ് പാണ്ഡേ
കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരേ നടത്തുന്ന സമരങ്ങള്‍ ലജ്ജാകരമെന്ന് മഗ്‌സാസെ അവാര്‍ഡ് ജേതാവും ആഷാ ആശ്രമം സഹസ്ഥാപകനുമായ സന്ദീപ് പാണ്ഡേ. എറണാകുളത്തെത്തിയ സംവിധാന്‍ സമ്മാന്‍ യാത്രയുടെ ഭാഗമായി പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിംകോടതി വിധിക്കെതിരേ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന പ്രതിഷേധം ഭരണഘടനക്കെതിരേയുള്ള വെല്ലുവിളിയാണ്. ഇന്ത്യയെ പഴയകാല ജീര്‍ണതയിലേക്ക് തിരിച്ച് കൊണ്ടുപോകാനാണ് ആര്‍.എസ്.എസ് ശക്തികളുടെ ശ്രമം. ഇത്തരം നയങ്ങള്‍ ദലിതരെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും അരികുവല്‍കരിക്കും.
രാജ്യത്ത് തീവ്ര ഇടതുപക്ഷ വാദികളായ മാവോയിസ്റ്റുകളടക്കമുള്ളവരെ ഭരണഘടനയെ അവിശ്വസിക്കുന്നതിന്റെ പേരില്‍ ദേശവിരുദ്ധരായി മുദ്രകുത്തുന്നവര്‍ തീവ്ര വലതുപക്ഷങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇരുവരും ഭരണഘടനയെ അവിശ്വസിക്കുന്നവരും ജനാധിപത്യവിരുദ്ധരുമാണ്. ദേശീയതലത്തില്‍ ഇരകള്‍ക്കൊപ്പവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പവും നിലകൊള്ളുന്ന സി.പി.എം കേരളത്തില്‍ ജനദ്രോഹപരമായ വികസനപ്രവര്‍ത്തനങ്ങളോട് മൃദുസമീപനം പുലര്‍ത്തുന്നത് അത്ഭുതാവഹമാണെന്നും സന്ദീപ് പാണ്ഡേ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."