പ്രഖ്യാപനത്തിനു മുമ്പേ വീണ്ടും കോന്നിയില്‍ പൊട്ടിത്തെറി, തീരുമാനിച്ച സ്ഥാനാര്‍ഥിക്ക് ഉടക്കുമായി അടൂര്‍ പ്രകാശ്
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനിരിക്കേ കോന്നിയില്‍ ഉടക്കുമായി അടൂര്‍പ്രകാശ് എം.പി. കോണ്‍ഗ്രസ് നോതൃത്വം പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേയാണ് അടൂര്‍ പ്രകാശ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തുന്ന റോബിന്‍ പീറ്ററും ഡി.സി.സി നേതൃത്വത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ പേരാണ് താന്‍ നിര്‍ദേശിച്ചതെന്ന് അടൂര്‍ പ്രകാശ് പറയുമ്പോള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് വിജയസാധ്യതയില്ലെന്നുതന്നെയാണ് സൂചന നല്‍കുന്നത്.
അഭിപ്രായ ഭിന്നതക്കിടയില്‍ അനുരഞ്ജനത്തിന്റെ പാതയിലേക്ക് ഒടുവില്‍ കോണ്‍ഗ്രസുമെത്തിയതായിരുന്നു. നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനവുമായി. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ആലപ്പുഴയില്‍ എം.എ ആരിഫിനോട് പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാനെ അരൂരിലും കോന്നിയില്‍ പി. മോഹന്‍രാജും സ്ഥാനാര്‍ഥികളാകും. എറണാകുളത്ത് ടി.ജെ വിനോദും വട്ടിയൂര്‍കാവില്‍ കെ. മോഹന്‍കുമാറും തന്നെയാണ് സ്ഥാനാര്‍ഥികള്‍. ഒറ്റ പേരുള്ള പട്ടിക കെ.പി.സി.സി ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്.
ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അരൂരില്‍ ഷാനിമോള്‍ക്ക് നറുക്കു വീണത്. കോന്നി എ ഗ്രൂപ്പ് എടുത്തതോടെയാണ് അരൂര്‍ ഷാനിമോള്‍ക്ക് നല്‍കിയത്. ആലപ്പുഴയില്‍ തോറ്റെങ്കിലും അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് ആരിഫിനേക്കാള്‍ വോട്ടുലഭിച്ചിരുന്നു. ഇതും സീറ്റ് ലഭിക്കാന്‍ കാരണമായി. സീറ്റ് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇവിടെ കോണ്‍ഗ്രസും.
കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്നാണ് മുന്‍ ഡി.സി.സി അധ്യക്ഷന്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കുന്നത്. എന്‍എസ്എസ് നിലപാടും തീരുമാനത്തിന് പിന്നിലുണ്ട്.
എറണാകുളത്തിനായി കെ.വി തോമസ് ശ്രമിച്ചെങ്കിലും ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദ് നേരത്തെ തന്നെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു. വട്ടിയൂര്‍കാവില്‍ കെ. മോഹന്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വവും ആദ്യമേ ഉറച്ചിരുന്നു. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി എം.സി ഖമറുദ്ദീനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."