കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യു.ഡി.എഫിന് തലവേദനയാകും
തിരുവനന്തപുരം: പാലായിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. തോല്‍വിക്കു പിന്നാലെ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും തീരാതലവേദനയാകും സൃഷ്ടിക്കാന്‍ പോകുന്നത്. ഇതിനു തുടക്കമെന്ന നിലയില്‍ പി.ജെ ജോസഫ്, ജോസ് കെ. മാണി വിഭാഗത്തിനെതിരേ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ട് ഇടതുമുന്നണിക്ക് മറിച്ചെന്നു പറഞ്ഞ ജോസഫ് പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു പോരാട്ടത്തിന് വഴിതുറക്കുകയാണ്.
തനിക്കെതിരേ ശക്തമായി നിലകൊണ്ട്, യു.ഡി.എഫ് നേതാക്കളെ ഒപ്പം നിര്‍ത്തി പാലായില്‍ സ്ഥാനാര്‍ഥിത്വം നേടാന്‍ ജോസ് കെ. മാണിക്ക് കഴിഞ്ഞെങ്കിലും ചിഹ്നം നല്‍കാതെ പാര്‍ട്ടി തന്റെ കൈയിലാണെന്നു തെളിയിക്കാന്‍ ജോസഫിനു കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജോസ് കെ. മാണി തന്റെ അച്ഛനെപ്പോലെ ശക്തനല്ലെന്നു വരുത്തിതീര്‍ക്കുന്നതിനും ജോസഫിനു സാധിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ലെന്നും അവര്‍ തനിക്കൊപ്പമാണെന്ന വാദവും ജോസഫ് ഉന്നയിക്കുന്നുണ്ട്.
അതേസമയം തന്റെ നോമിനിയെ പരാജയപ്പെടുത്തിയത് ജോസഫ് വിഭാഗമാണെന്ന മറുവാദവുമായി ജോസ് കെ.മാണി രംഗത്തുവരാവുന്ന സാഹചര്യവുമുണ്ട്. ഇപ്പോള്‍തന്നെ ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന സാഹചര്യമാണ് ജോസഫ്, ജോസ് വിഭാഗങ്ങള്‍ക്കിടയിലുള്ളത്. പാലായിലെ പരാജയത്തോടെ ശക്തിയില്‍ അല്‍പ്പമെങ്കിലും ചോര്‍ച്ചയുണ്ടായ ജോസ് കെ. മാണി വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ മാണി കോണ്‍ഗ്രസ് രണ്ടു വിഭാഗമായിതന്നെ മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ രണ്ടു വിഭാഗത്തെയും മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്ന കാര്യത്തിലായിരിക്കും യു.ഡി.എഫ് നേതൃത്വത്തിന് തീരുമാനമെടുക്കേണ്ടിവരിക. എതായാലും പാലാ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നതില്‍ തര്‍ക്കമില്ല. മാത്രമല്ല അത് യു.ഡി.എഫിന് വലിയ തലവേദന സൃഷ്ടിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."