ഇറാനെതിരേയുള്ള യു.എസ് ഉപരോധം പ്രാബല്യത്തില്‍
വാഷിങ്ടണ്‍: ഇറാനെതിരേ യു.എസിന്റെ ഏറ്റവും ശക്തമായ ഉപരോധം പ്രാബല്യത്തില്‍. 2015ലെ ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ച ഉപരോധമാണ് യു.എസ് ഇന്നലെ പുനഃസ്ഥാപിച്ചത്. ഇറാന്റെ സുപ്രധാന സാമ്പത്തിക മേഖലകളായ ഇന്ധന കയറ്റുമതി, കപ്പല്‍ വ്യാപാരം, ബാങ്കിങ് മേഖല എന്നിവയെയാണ് ഉപരോധം ബാധിക്കുക.
ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെയും ഉപരോധം ബാധിക്കും. എന്നാല്‍ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള എട്ടോളം രാജ്യങ്ങള്‍ക്ക് ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. 17 ശതമാനത്തോളമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. തുര്‍ക്കി, തായ്‌വാന്‍, ദക്ഷിണകൊറിയ, ഇറ്റലി, ഗ്രീസ്, ജപ്പാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
700 വ്യക്തികള്‍, കമ്പനികള്‍, വിമാനങ്ങള്‍ എന്നിവ ഉപരോധ പട്ടികയിലുണ്ട്. ഉപരോധ ഭീഷണിയെ തുടര്‍ന്ന് 100 അന്താരാഷ്ട്ര കമ്പനികള്‍ ഇറാനുമായുള്ള വ്യാപാരത്തില്‍നിന്ന് പിന്‍വാങ്ങിയെന്ന് മൈക് പോംപിയോ അറിയിച്ചു. കൂടാതെ ഇറാന്റെ എണ്ണ കയറ്റുമതി ഒരു ദിവസംകൊണ്ട് പത്തുലക്ഷം ബാരലായി താഴ്ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഒരു ദിവസം 2.7 ദശ ലക്ഷം ബാരല്‍ എണ്ണയാണ് സാധാരണ കയറ്റുമതി ചെയ്യാറുള്ളത്.
ഇറാന്‍ ആണവ കരാറില്‍നിന്ന് യു.എസ് മെയ് മാസത്തിലാണ് പിന്‍വാങ്ങിയത്. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണ് തങ്ങളുടെ പിന്‍മാറ്റമെന്നാണ് യു.എസിന്റെ വിശദീകരണം. എന്നാല്‍ കരാറുമായി മുന്നോട്ടുപോകാനാണ് മറ്റുകക്ഷികളായ യു.കെ, ജര്‍മനി, ഫ്രാന്‍സ്, യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെയുള്ളവയുടെ തീരുമാനം. ഇറാനുമായുള്ള നിയമപരമായ എല്ലാവിധ വ്യാപാരങ്ങളും തുടരുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി പ്രത്യേക പെയ്‌മെന്റ് മെക്കാനിസം കൊണ്ടുവന്നിരുന്നു. ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം തുടരുമെന്നും ഉപരോധത്തെ ഏകകണ്ഠമായി എതിര്‍ക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുയാങ് പറഞ്ഞു.
ഉപരോധത്തെ മറികടക്കും: ഇറാന്‍
തെഹ്‌റാന്‍: യു.എസ് ഉപരോധത്തെ ഇറാന്‍ അഭിമാനത്തോടെ മറികടക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യു.എസ് ഉപരോധം രാജ്യത്തിന്റെ എണ്ണയേയും സാമ്പത്തിക മേഖലയേയും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ നിയമവിരുദ്ധ, നീതിയില്ലാത്ത ഉപരോധങ്ങളെ ഞങ്ങള്‍ അഭിമാനത്തോടെ മറികടക്കും. കാരണം അത് അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കെതിരാണ് എന്നാണ് റൂഹാനി പറഞ്ഞത്. സാമ്പത്തിക യുദ്ധ സാഹചര്യത്തിലാണ് നമ്മള്‍.
ഒരു അധികാര ശക്തിയെ എതിരിടുകയാണ്.
ഇത്രയും നിയമത്തിനും അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കും എതിരായ ഒരാള്‍ വൈറ്റ് ഹൗസില്‍ കടന്നത് അമേരിക്കന്‍ ചരിത്രത്തില്‍ തന്നെയുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."