ഒരേയൊരു ഗാന്ധി: ഒന്നിലധികം അവകാശികള്‍, ഗാന്ധിയുടെ പിന്തുടര്‍ച്ചാവകാശം സ്ഥാപിക്കാന്‍ ബി.ജെ.പിയും
ന്യൂഡല്‍ഹി: ഒരു ഗാന്ധിയെ ഉള്ളൂ ഇന്ത്യക്ക്. ഒരു രാഷ്ട്ര പിതാവും. എന്നാല്‍ ഈ രാഷ്ട്രപിതാവിന്റെ പിന്തുടര്‍ച്ചാവകാശത്തിനു പുതിയ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ബി.ജെ.പി. ഇത്രകാലവും കോണ്‍ഗ്രസിനായിരുന്നു ആ അവകാശം. അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍ യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ തങ്ങളാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. നേതൃത്വം. ഇതിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗാന്ധിജയന്തി ദിനം മുതല്‍ രാജ്യവ്യാപകമായി പദയാത്രകള്‍ നടത്താനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി. ഖാദിവസ്ത്രങ്ങള്‍ ധരിച്ച് 15 ദിവസം ഗ്രാമ-നഗര ഭേദമില്ലാതെ ഗാന്ധി സങ്കല്പയാത്ര നടത്താനാണ് കീഴ്ഘടകങ്ങള്‍ക്കു ദേശീയനേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസും ഇതേ തീരുമാനവുമായി മുന്നോട്ടു പോകുന്നുണ്ട്. ഗാന്ധിജിയുടെ ജന്മവാര്‍ഷികം അദ്ദേഹത്തെ തങ്ങളുടേതാക്കാനുള്ള സുവര്‍ണാവസരമായി ഉപയോഗപ്പെടുത്തണമെന്ന് ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ പാര്‍ട്ടിനേതാക്കള്‍ക്കയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. ഗാന്ധിയന്‍ ആശയങ്ങളുടെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരാണെന്ന് ഉറപ്പിക്കാനുള്ള സന്ദര്‍ഭവുമാണിതെന്ന് കത്തില്‍ പറയുന്നു.
മതേതര ചിന്താഗതിക്കാരെക്കൂടി പാട്ടിലാക്കാനും പാരമ്പര്യം ഉണ്ടാക്കാനുമുള്ള രാഷ്ട്രപിതാവിന്റെ ഘാതകരുടെ തട്ടിപ്പാണിതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിക്കുന്നത്. ''ഗോഡ്സെയ്ക്ക് അമ്പലം ഉണ്ടാക്കുന്നവരെങ്ങനെയാണു ഗാന്ധിജിയുടെ യഥാര്‍ഥ അവകാശികളാവുക. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും'' -സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഫാസിസത്തിന്റെ വക്താക്കളായി ചിലരും ഗാന്ധി വക്താക്കളായി മറ്റു ചിലരും ബി.ജെ.പിയിലുണ്ടാകണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗാന്ധി ആശയങ്ങളുടെ വക്താവാകാന്‍ നരേന്ദ്രമോദിയും ഗോഡ്‌സേ രാജ്യ സ്‌നേഹിയാണെന്ന വാദവുമായി മറ്റു ചിലരും രംഗത്തെത്തുന്നു. വിഡ്ഢികളാക്കാനുള്ള ഹിഡന്‍ അജന്‍ഡയെ ജനം തള്ളിക്കളയുമെന്നുതന്നെയാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയും നേതൃത്വം നല്‍കുന്ന രണ്ട് ഗാന്ധിയന്‍ പദയാത്രകളാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. യു.പി.യിലെ ഷാജഹാന്‍പുരിലാണ് പ്രിയങ്കാഗാന്ധിയുടെ പദയാത്ര. ദല്‍ഹിയിലാണ് സോണിയാഗാന്ധിയുടെ നേതതൃത്വത്തിലുള്ള പദയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."