രാജപക്‌സെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് സ്പീക്കര്‍
കൊളംബോ: മഹിന്ദ രാജപക്‌സെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് ശ്രീലങ്കന്‍ സ്പീക്കര്‍ കരു ജയസൂര്യ.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗയെ മാറ്റിയ നടപടി ഭരണഘടനാ വിരുദ്ധമായിട്ടാണ് ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങളും കരുതുന്നത്. ഇത് രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരായ പ്രവൃത്തിയാണ്. ഏതെങ്കിലും ഒരുവിഭാഗം ഭൂരിപക്ഷം തെളിയിച്ചാല്‍ മാത്രമേ നിലവിലെ മാറ്റം അംഗീകരിക്കുകയുള്ളൂവെന്നും കരു ജയസൂര്യ പറഞ്ഞു.
അതിനിടെ ഈ മാസം 14ന് പാര്‍ലമെന്റ് ചേരാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു. നേരത്തെ, നവംബര്‍ നാലുവരെ സഭ സമ്മേളിക്കുന്നതു തടഞ്ഞ് സിരിസേന പാര്‍ലമെന്റ് മരവിപ്പിച്ചിരുന്നു. ഇതു പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
14ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തോടെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യം കുറിക്കാനിടയുണ്ട്. മിക്കവാറും അന്നുതന്നെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കും.
ശ്രീലങ്കയിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി മഹിന്ദ രാജപക്‌സെക്കു പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമിള്‍ നാഷനല്‍ അലയന്‍സ് (ടി.എന്‍.എ) ആണ് രാജപക്‌സെക്കു പിന്തുണ അറിയിച്ചത്. ടി.എന്‍.എക്ക് പാര്‍ലമെന്റില്‍ 16 അംഗങ്ങളുണ്ട്. അതുകൊണ്ടു തന്നെ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ടി.എന്‍.എയുടെ വോട്ട് നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."