അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു
കല്‍പ്പറ്റ: യുവതിയെ പ്രലോഭിപ്പിച്ച് വ്യാജ ബലാത്സംഗ കഥയുണ്ടാക്കിയ അഭിഭാഷകനെ കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. മേപ്പാടി സ്വദേശിയും കല്‍പ്പറ്റ കോടതിയിലെ അഭിഭാഷകനുമായ പി.കെ രഞ്ജിത്കുമാറിനെയാണ് അന്വേഷണ വിധേയമായി അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം സസ്‌പെന്‍ഡ് ചെയ്തത്.
കല്‍പ്പറ്റ എമിലി സ്വദേശിയായ യുവതിക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് കള്ളപരാതിയില്‍ ഒപ്പുവപ്പിച്ചത്. തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശികള്‍ക്കെതിരെയായിരുന്നു പരാതി. ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്ന് മുമ്പാകെ പരാതി സമര്‍പ്പിക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്. മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നല്‍കുന്നതിനിടെ തന്നെ തട്ടിപ്പ് പുറത്തായിരുന്നു.
പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണത്തിലാണ് നിരപരാധികള്‍ക്കെതിരെ വ്യാജ ബലാത്സംഗ കഥ ഉണ്ടാക്കി പരാതി നല്‍കിയതിന് പിന്നില്‍ അഭിഭാഷകനായ രഞ്ജിത്കുമാറാണെന്ന് വ്യക്തമായത്. തിരൂര്‍ ബി.പി നഗറിലെ അജയ്‌ഘോഷ്, പരാതിക്കാരി, പരാതിക്കാരിയുടെ ഭര്‍ത്താവായ കല്‍പ്പറ്റ എമിലി സ്വദേശി എന്നിവര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലിസ് അറസ്റ്റ് ചെയ്ത അഭിഭാഷകന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
പി.കെ രഞ്ജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിതെുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം ചേര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിക്കൊണ്ട് സസ്‌പെന്‍ഡ് ചെയ്തത്. രഞ്ജിത്കുമാറിന്റെ പ്രവര്‍ത്തി അഭിഭാഷക സമൂഹത്തിന് അപമാനമായതായി ബാര്‍ അസോസിയേഷന്‍ യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."