തകര്‍ന്നടിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്: ബംഗളൂരുവിനോട് 2-1ന്റെ തോല്‍വി
കൊച്ചി: സ്വന്തം തട്ടകത്തില്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് മുന്നില്‍ ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ തോല്‍വിയറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്.
സമനിലക്കെട്ടു പൊട്ടിക്കുമെന്ന പ്രതീക്ഷയില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ നിരാശരാക്കിക്കൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ്അപ്പായ ബംഗളൂരു എഫ്.സിയോട് ബ്ലാസ്റ്റേഴ്‌സ് അടിയറവ് പറഞ്ഞത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ പരാജയമാണിത്. ആദ്യപകുതിയില്‍ സമനില പാലിച്ചു പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ അനാവശ്യ ഗോള്‍ വഴങ്ങിയാണ് ജയിക്കാനാവുമായിരുന്ന മത്സരം കൈവിട്ടത്. 81ാം മിനുട്ടില്‍ ക്രമരാവിച്ചിന്റെ സെല്‍ഫ് ഗോളിലാണ് ബംഗളൂരു വിജയിച്ചത്. പന്തുമായി ബോക്‌സിനുള്ളില്‍ കടന്ന മികു പോസ്റ്റിന് മുന്നിലേക്ക് നല്‍കിയ പാസ് ഹെര്‍ണാണ്ടസ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ റീബൗണ്ട് പന്ത് ക്രമരാവിച്ചിന്റെ ദേഹത്തുതട്ടി വലയില്‍ കയറുകയായിരുന്നു (2-1). ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
സമനില പാലിച്ച
ആദ്യപകുതി
കളിയുടെ ആദ്യപകുതിയില്‍ കരുത്തരായ ബംഗളൂരുവിനെ പ്രതിരോധ മതില്‍ കെട്ടിയാണ് ബ്ലാസ്റ്റേഴ്‌സ് തളച്ചത്. ആദ്യപകുതിയുടെ 17ാം മിനുട്ടില്‍ മുന്നില്‍ കടന്ന ബംഗളൂരുവിനെ 30ാം മിനുട്ടില്‍ സമനിലയില്‍ തളച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഗ്യാലറിക്ക് ആശ്വാസം നല്‍കി. കഴിഞ്ഞ കളിയില്‍നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലെത്തിച്ചത്. പ്രതിരോധത്തില്‍ മുഹമ്മദ് റാകിപിന് പകരം ലാല്‍റുവാത്താരയും മധ്യനിരയില്‍ പൊപ്ലാറ്റ്‌നിക്കിന് പകരം മലയാളി താരം പ്രശാന്തും ആദ്യ ഇലവനില്‍ ഇടം നേടി. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ടീമിനെ ബെംഗളൂരു നിലനിര്‍ത്തി. 4-1-4-1 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വീകരിച്ചത്. ബംഗളൂരു മികുവിനെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 രീതിയിലും മൈതാനത്തിറങ്ങി. കളിയുടെ തുടക്കം മുതല്‍ മഞ്ഞപ്പട ബംഗളൂരു എഫ്.സി പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. മൂന്നാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് നല്ലൊരു അവസരം ലഭിച്ചുവെങ്കിലും പ്രശാന്തിന്തിന്റെ ക്രോസ് സി.കെ വിനീതിന് വലയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ആറാം മിനുട്ടില്‍ കേരളത്തിന്റെ കൊമ്പന്മാരെ വിറപ്പിച്ചുകൊണ്ടു ബോക്‌സിലേക്ക് എത്തിയ ബോള്‍ നല്ലൊരു ഹെഡ്ഡിലൂടെ ലാല്‍റുവാത്താര രക്ഷപ്പെടുത്തി. എന്നാല്‍ 17-ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകര്‍ത്ത് ബംഗളൂരു ലീഡ് നേടി. മികുവും സുനില്‍ ഛേത്രിയും ചേര്‍ന്ന് തുടര്‍ച്ചയായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ഗോള്‍.
ജിങ്കനെ മറികടന്ന ശേഷം ഛേത്രി വലയിലേക്ക് പായിച്ച ഷോട്ടിന് മുന്‍പില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി നവീന്‍ കുമാറിന് മറുപടിയുണ്ടായിരുന്നില്ല (1-0). സ്വന്തം തട്ടകത്തില്‍ ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ശക്തരായി തിരിച്ചുവന്നു. പരാജയം ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് ദുംഗലിലൂടെയും വിനീതിലൂടെയും പ്രശാന്തിലൂടെയും തിരിച്ചടിച്ചെങ്കിലും സമനില കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് ഫലംകണ്ടത് 30ാം മിനുട്ടിലാണ്. പെനാല്‍റ്റിയിലൂടെ സ്റ്റൊയനോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിച്ച സമനില ഗോള്‍ നേടിക്കൊടുത്തത്. പന്തുമായി ബോക്‌സിലേക്ക് കുതിച്ച സഹല്‍ അബ്ദുല്‍ സമദിനെ നിഷു കുമാര്‍ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത സ്‌റ്റൊയാനോവിച്ചിന് ലക്ഷ്യം പിഴച്ചില്ല (1-1).
രണ്ടാം പകുതിയില്‍
മുട്ടുമടക്കി കൊമ്പന്മാര്‍
35 മിനുട്ടിലേറെ കഴിഞ്ഞാണ് രണ്ടാം പകുതി ആരംഭിച്ചത്. അവസരങ്ങള്‍ പല തവണ നെയ്‌തെടുത്ത വിനീത് 75ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണാവസരവും നഷ്ടപ്പെടുത്തി. ഇതോടെ ഗ്യാലറി നിരാശയിലായി.
81ാം മിനുട്ടില്‍ ബംഗളുരു സെല്‍ഫ് ഗോളിലൂടെ ലീഡ് നേടി കളിയുടെ ആധിപത്യം വീണ്ടെടുത്തു. ഇതോടെ താളം തെറ്റിയ ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു.
കളിയുടെ അവസാന മിനുട്ടികളില്‍ നല്ലൊരു പ്രത്യാക്രമണം പോലും നടത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായതുമില്ല. നവംബര്‍ 11ന് എഫ്.സി ഗോവയുമായാണ് കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."