വയലാര്‍ അവാര്‍ഡ്: എം.കെ സാനുവിനെ കടന്നാക്രമിച്ച് ട്രസ്റ്റ്, പുരസ്‌കാരം പ്രഖ്യാപിക്കും മുമ്പ് പേരു വെളിപ്പെടുത്തിയത് ഹീനമായ പ്രവൃത്തി
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിഷേധിച്ചും ജൂറി അംഗത്വം രാജിവച്ച എം.കെ സാനുവിനെതിരേ കടന്നാക്രമിച്ചും വയലാര്‍ ട്രസ്റ്റ് സെക്രട്ടറി സി.വി ത്രിവിക്രമന്‍. പുരസ്‌കാരം പ്രഖ്യാപിക്കും മുമ്പ് പരിഗണിക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തിയ എം.കെ സാനു ഹീനമായ പ്രവൃത്തിയാണ് ചെയ്തതെന്നും ത്രിവിക്രമന്‍ ആരോപിച്ചു.
എം.കെ സാനു സമിതിയില്‍നിന്നു രാജിവച്ചതോടെയാണ് ഇത്തവണത്തെ വയാലാര്‍ അവാര്‍ഡ് വിവാദത്തിലായത്. സര്‍ഗാത്മകതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നല്‍കാന്‍ സമ്മര്‍ദം ചെലുത്തുകയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എം.കെ സാനു രാജിവച്ചത്. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനെച്ചൊല്ലിയാണ് ഇദ്ദേഹം സ്ഥാനമൊഴിഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കവിയുടെ പേരു പരാമര്‍ശിക്കാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാളുടെ ആത്മകഥയ്ക്ക് പുരസ്‌കാരം നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്നാണ് എം.കെ സാനു മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇതിനെ തള്ളിക്കളയുകയാണ് ട്രസ്റ്റ് ഭാരവാഹികളും അവാര്‍ഡ് ജൂറിയും. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഏകകണ്ഠമായാണ് പുരസ്‌കാരം തീരുമാനിച്ചതെന്നാണ് പെരുമ്പടവവും പ്രതികരിച്ചത്. എന്നാല്‍ അവാര്‍ഡ് വിവാദമായതോടെ എം.കെ സാനുവിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൃതിക്ക് അവാര്‍ഡ് പ്രഖ്യാപിക്കുക മാത്രമാണ് പെരുമ്പടവത്തിന്റെ നേതൃത്വത്തിലുള്ളവര്‍ ചെയ്തത്. അതുമാത്രമേ അവര്‍ക്കുചെയ്യാനാകുമായിരുന്നുള്ളൂ എന്നുമാണ് വ്യക്തമാകുന്നത്.
രാജിവച്ചത് ആരോഗ്യകരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നായിരുന്നു എം.കെ സാനു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അതല്ല കാരണമെന്നും സമ്മര്‍ദം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രാജിക്കത്തിനൊപ്പം സമിതി അവാര്‍ഡ് പ്രഖ്യാപിക്കാനെത്താനായി നല്‍കിയ വിമാനടിക്കറ്റും അദ്ദേഹം തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സാനുവിന്റെ അനാരോഗ്യത്തില്‍ തൂങ്ങിയാണ് പെരുമ്പടവം ശ്രീധരന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."