അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു
തിരുവനന്തപുരം : ചലച്ചിത്രകാരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ പരമാവധി അവസരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സാംസ്‌കാരിക മാധ്യമമെന്ന നിലയില്‍ സിനിമകള്‍ക്ക് സമൂഹത്തില്‍ പുരോഗമനമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ ഉദ്ഘാടനം കൈരളി തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവിഷ്‌കാരസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ക്കും ഇടം നല്‍കുകയും ചെയ്യും.
സ്ത്രീകളുള്‍പ്പെടെ എല്ലാവര്‍ക്കും സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ തുല്യസാഹചര്യം ഉറപ്പാക്കും. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത് ഇതിനാലാണ്.
മതേതര ജനാധിപത്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു ഹ്രസ്വചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച വിഷയത്തില്‍ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരുമെന്ന് അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.
കിരണ്‍ കാര്‍ണിക് മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ജൂറി അംഗങ്ങളായ റിതു സറിന്‍, ആന്‍ഡ്രൂ വയല്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി സംബന്ധിച്ചു.
റോജര്‍ റോസ് വില്യംസിന്റെ''ലൈഫ് അനിമേറ്റഡ്', റോട്ടര്‍ഡാം മേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ പ്രാന്തിക് ബസുവിന്റെ 'സഖിസോണ' എന്നിവ ഉദ്ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചു.
കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 210 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ 77 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനിമേഷന്‍, ക്യാപസ് ഫിലിം, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളാണ് മത്സരയിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേള ജൂണ്‍ 20 സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."