പൊന്നോമനയുടെ പഞ്ചാര ഉമ്മ; പിരിയാനെത്തിയവര്‍ ഒന്നായി
തിരുവനന്തപുരം: വേര്‍പിരിയാനാഗ്രഹിച്ച് വനിതാ കമ്മിഷന്‍ അദാലത്തിലെത്തിയ ദമ്പതികളെ ഒന്നിപ്പിച്ചത് പിഞ്ചുകുഞ്ഞിന്റെ ചുംബനം. മദ്യപാനം ഇനി ഇല്ലെന്ന യുവാവിന്റെ വാക്കുകളില്‍ വേദനകള്‍ മറന്ന് ഒന്നിക്കാമെന്ന് സമ്മതിച്ച് യുവതിയും.
കേരള വനിതാ കമ്മീഷന്‍ തൈക്കാട് റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച മെഗാ അദാലത്തിലായിരുന്നു സംഭവം. ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ ഇരുന്നൂറിലേറെ പരാതികളാണ് പരിഗണിച്ചത്.
മദ്യപാനിയായ ഭര്‍ത്താവുമൊന്നിച്ച് ഇനി ജീവിതമില്ലെന്ന വാശിയിലായിരുന്നു യുവതി. മദ്യപാനത്തിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ തന്നെ അകറ്റിയാതാണെന്ന് യുവാവും. അദാലത്തിനിടെ കുഞ്ഞു നല്‍കിയ സ്‌നേഹചുംബനം മതിയായിരുന്നു യുവാവിന് തെറ്റുകളുടെ കാഠിന്യമറിയാന്‍.
ഇനി മദ്യപിക്കില്ലെന്നും ഒപ്പം ജീവിക്കണമെന്നും ആഗ്രഹമുണര്‍ന്നുവെങ്കിലും ഇരുവര്‍ക്കും കമ്മീഷന്‍ കൗണ്‍സലിംങ് നല്‍കും.
മദ്യപാനം നിറുത്തുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഒരുമിക്കാമെന്ന് യുവതി സമ്മതിച്ചതോടെ അവരുടെ ജീവിതത്തില്‍ ഇനി സന്തോഷത്തിന്റെ ലഹരി.
കാല്‍നൂറ്റാണ്ടിലേറെ ഒരുമിച്ച് ജീവിച്ച രണ്ട് ദമ്പതികളാണ് വേര്‍പിരിയലിന്റെ വഴി തേടി അദാലത്തിനെത്തിയത്. ഇരുവരെയും കൂട്ടിയോജിപ്പിക്കാമെന്ന പ്രതീക്ഷയില്‍ കൗണ്‍സലിങിന് എത്താന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
തപാല്‍ വഴി വിവാഹമോചനമയച്ച അര്‍ധസൈനികനെതിരെയായിരുന്നു ഒരു പരാതി. സിറ്റിങിന് ഹാജരാകാത്ത യുവാവിനെതിരേ അദേഹത്തിന്റെ മേധാവി വഴി വിശദീകരണം തേടും. ചാനല്‍ ജീവനക്കാരികളായ രണ്ടു പേരും തൊഴിലിടത്തെ പീഡന പരാതിയുമായി കമ്മീഷന് മുന്നിലെത്തിയിരുന്നു.
പൊലിസുദ്യോഗസ്ഥര്‍, അഭിഭാഷകര്‍, കൗണ്‍സലര്‍മാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. തീര്‍പ്പാക്കിയ കേസുകളില്‍ ഉള്‍പ്പെടെ ദമ്പതികളുടെ തുടര്‍ജീവിതത്തില്‍ കഴിയുന്നത്ര തുടര്‍ ഇടപെടലുകള്‍ നടത്തുമെന്ന് ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു.
വിവാഹമോചന കേസുകള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ഇതിന്റെ സാമൂഹിക സാമ്പത്തിക വശങ്ങള്‍ ഗൗരവതരമായ പഠനങ്ങള്‍ക്ക് വിധേയമാക്കണമെന്ന് ചെയര്‍പെഴ്‌സണ്‍ പറഞ്ഞു.
അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങളെ അവരുടെ തന്നെ സാഹചര്യങ്ങളില്‍ ഫലപ്രദമായി പുരധിവസിപ്പിക്കാനും മാര്‍ഗങ്ങള്‍ ആരായണം.
ഒരുമിച്ച് ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന യുവതീയുവാക്കള്‍ക്ക് പലകാരണങ്ങളാല്‍ സംതൃപ്ത ജീവിതം നയിക്കാനാവാതെ വേര്‍പിരിയലിന്റെ വഴി തേടുന്ന പ്രവണതയും വര്‍ധിക്കുന്നതായി ജോസഫൈന്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങളില്‍ ശക്തമായ ബോധവത്കരണ ശ്രമങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ തുടക്കം കുറിക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്നലെ നടന്ന അദാലത്തില്‍ പരിഗണിച്ച 200 കേസില്‍ 91 കേസുകളില്‍ തീര്‍പ്പുകല്‍പിച്ചു. ഏഴു കേസുകളില്‍ വിവിധ വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി.
9 കേസുകളില്‍ കൗണ്‍സലിങ് നടത്തും. 96 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."