കൊക്കിനു വച്ചത് കുളക്കോഴിക്ക്
ഇന്ത്യന്‍ ഭരണഘടന അനുവദിച്ചരുളിയ 370ാം വകുപ്പില്‍ ഏകപക്ഷീയമായി കൈകടത്തി നാം ജമ്മുകശ്മിരിനെ മൂന്നായി വെട്ടിനുറുക്കി. അവിടത്തെ സൗമ്യരായ ഒന്നേകാല്‍ കോടി ജനങ്ങളെ മതവും ഭാഷയും പറഞ്ഞ്, പരസ്പരം ശത്രുക്കളാക്കി.
അസമില്‍നിന്നു 19 ലക്ഷം പേരെ പുറത്താക്കാനുള്ള നടപടികള്‍ പിന്നാലെയും. ദേശീയ പൗരത്വപ്പട്ടിക എന്ന പേരില്‍ ഹരിയാനയിലേക്കും ബിഹാറിലേക്കും ഈ നടപടികള്‍ പറിച്ചു നടുകയാണ്. ഗുജറാത്ത് വംശഹത്യയുടെ ആരോപണങ്ങളില്‍നിന്ന് ഇനിയും പൂര്‍ണമോചിതനാവാതെ തന്നെ കേന്ദ്രം ഭരിക്കാനെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ എന്ന ബി.ജെ.പി പ്രസിഡന്റ്, മുംബൈയില്‍ ചെന്നു പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നു, ഞങ്ങള്‍ പണി തുടങ്ങിയിട്ടേയുള്ളൂ.
തീര്‍ന്നില്ല. പൗരത്വ ബില്‍ ഇന്ത്യയൊട്ടാകെ ബാധകമാക്കാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്നും ഒരു മന്ത്രി പറഞ്ഞു കഴിഞ്ഞു.
കോടിക്കണക്കിന് ഇന്ത്യക്കാര്‍ വോട്ടവകാശം കൂടി ഇല്ലാതെ പ്രവാസികളായി ജീവിക്കുന്നു. അവര്‍ അയക്കുന്ന പണത്തിന്റെ ബലത്തില്‍ ബജറ്റ് തുകയേക്കാള്‍ ഏറെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നമ്മുടെ ഖജനാവ് നിറയുന്നു. ജനിച്ച മണ്ണില്‍നിന്ന് ഒന്നും നേടാനാവാതെ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അഞ്ചു കോടി ജനങ്ങള്‍ വേറെയും.
അവരൊക്കെ നോക്കി ഇരിക്കുമ്പോഴാണ്, വടക്കുകിഴക്ക് അസമില്‍ ജനിച്ചുവളര്‍ന്ന ആറു ശതമാനം പേരെ പുറംതള്ളുന്നത്. സ്വന്തം പേരെഴുതി ഒപ്പിടാന്‍ പോലും അറിയാത്തവരോട്, മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ട്രൈബ്യൂണലില്‍നിന്ന് സാക്ഷ്യപത്രം നേടിവരാനാണ് കല്‍പ്പന. എന്നാല്‍ നീതിന്യായ വ്യവസ്ഥയുമായി കാര്യമായ പരിചയമൊന്നുമില്ലാത്ത ആയിരക്കണക്കിനാളുകളാണ് ട്രൈബ്യൂണലുകളായി നിയമിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല കക്ഷികളാവട്ടെ മിക്കവരും നിരക്ഷരരായ പാവപ്പെട്ടവരും. തീര്‍ന്നില്ല, പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണലുകളിലേക്ക് ചെന്നെത്താനും തങ്ങളോടൊപ്പം അഭിഭാഷകരെ കൊണ്ടുപോകാനുമുള്ള ചെലവുകള്‍ താങ്ങാന്‍ കഴിയാത്തവര്‍. 1,220 കോടി രൂപ ചെലവിട്ട് നാല്‍പതിനായിരം ജീവനക്കാരെ അഞ്ചുകൊല്ലം രാപ്പകല്‍ നിയോഗിച്ചിട്ടും തീരാത്ത 19 ലക്ഷം കേസുകളാണ് തീര്‍പ്പാക്കേണ്ടത്.
അതേസമയം ഇന്ത്യന്‍ പൗരത്വം കുറ്റമറ്റരീതിയില്‍ തെളിയിക്കാന്‍ കഴിയാത്ത ഒരാളെപ്പോലും ഇന്ത്യ അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആവര്‍ത്തിച്ചു പറയുന്നു. നരേന്ദ്രമോദിയുടെ ഗുജറാത്ത് മന്ത്രിസഭയില്‍ അംഗമായിരിക്കെ, അവിടുത്തെ വംശീയ ലഹളകളില്‍ കുറ്റാരോപിതനായ ഷായെ കേന്ദ്രത്തില്‍ രണ്ടാം മന്ത്രിസഭ രൂപവല്‍ക്കരിച്ചപ്പോഴാണ് മോദി, ആഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കി ഡല്‍ഹിക്ക് കൊണ്ടുവന്നത്.
ദേശീയ പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചതിന്റെ വെളിച്ചത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധി കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടാന്‍ ബി.ജെ.പി പ്രസിഡന്റ് കൂടിയായ ഷാ സന്നദ്ധമായെങ്കിലും അവിടത്തെ മുഖ്യമന്ത്രിമാരുടെ പ്രതിഷേധ സ്വരങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാന്‍ ഷാക്ക് സാധിച്ചിട്ടില്ല.
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല, ഭരണകക്ഷിയായ ബി.ജെ.പിയും സഖ്യകക്ഷികളും അധികാരം കൈയാളുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പറഞ്ഞത്, തികച്ചും ബാലിശമായ തെളിവുകള്‍ വച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത് എന്നാണ്. വിമര്‍ശനം ശക്തമായപ്പോള്‍ അപ്പീല്‍ നല്‍കാന്‍ മൂന്നുമാസം കാലാവധി നല്‍കുന്നതായി അധികൃതര്‍ പറഞ്ഞെന്നു മാത്രം.
തലമുറകളായി അസമില്‍ താമസിക്കുന്നവരെ ഒന്നൊന്നായി വിളിച്ചുവരുത്തി, പേരും ജന്മസ്ഥലവും ജനന തിയതിയും എഴുതിച്ചേര്‍ക്കാനൊരുമ്പെട്ടപ്പോള്‍ വന്നവരില്‍ ബഹുഭൂരിപക്ഷവും അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു. മാതാപിതാക്കള്‍ ഇന്ത്യയില്‍ പിറന്നവരാണെന്ന തെളിവുകള്‍ ഹാജരാക്കിയിട്ടും അവരുടെയും ഇവരുടെയും കുടുംബപ്പേരിലെ അക്ഷരത്തെറ്റുകള്‍ പോലും അപേക്ഷകര്‍ക്ക് വിനയായി. അവര്‍ അസമിലെ ദിബ്രുഗര്‍, തിന്‍സുഖിയ, ശിവസാഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഗോത്രവര്‍ഗക്കാരായ എണ്ണായിരത്തോളം പേര്‍. ഇങ്ങനെയൊരു തെളിവെടുപ്പ് നടക്കുന്നതായി അവര്‍ അറിഞ്ഞതേയില്ല. അതേസമയം അസം ധനമന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മ പറയുന്നത് അതിര്‍ത്തി ജില്ലകളായ കരിംഗഞ്ജ്, ഹൈലകണ്ടി, ധുബരി, സക്മാറ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ അംഗീകരിച്ചത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തിലാണെന്നാണ്.
കൂട്ടത്തോടെ പേരുകള്‍ വെട്ടിത്തുടങ്ങിയപ്പോഴും ഇന്ത്യയെപ്പോലെ ഒരു മഹാരാജ്യത്ത് ആളുകള്‍ വ്യാപാരാവശ്യാര്‍ഥവും കുടുംബപരമായ കാരണങ്ങളാലും സംസ്ഥാനങ്ങള്‍ മാറിത്താമസിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നവര്‍ ഓര്‍ക്കുന്നില്ല. വിദേശങ്ങളില്‍പ്പോലും എത്രപേരാണ് കുടുംബസമേതം അന്നെന്നപോലെ ഇന്നും ചേക്കേറിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍, പ്രശ്‌നം കിടക്കുന്നത് അവിടെയല്ല. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 166 സീറ്റുകള്‍ കൂടുതല്‍ നേടി, അധികാരത്തില്‍ വന്നിട്ടും ജയിക്കാതെപോയ സീറ്റുകളെക്കുറിച്ചുള്ള വേവലാതിയിലാണ് ബി.ജെ.പി. വോട്ടിങ് യന്ത്രത്തിലെ തിരിമറികള്‍ക്ക് ഇനിയും വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്തപ്പോഴും പുതിയ തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ കൂടുതല്‍ വോട്ടുകള്‍ അവര്‍ക്ക് കണ്ടേ മതിയാവൂ. അതിലേക്ക് ഒരു എളുപ്പവഴിയായി ദേശീയ പൗരത്വപ്പട്ടിക.
ഒരു പരീക്ഷണശാലയായി അസമിലേക്ക് നോക്കിയ അവര്‍ വോട്ടര്‍ പട്ടികയില്‍ കണ്ട പേരുകളില്‍ മതം നോക്കി, പുനര്‍നിര്‍ണയം നടത്തുകയായിരുന്നു. ഇന്ത്യയില്‍ കുടിയേറിയ അഭയാര്‍ഥികള്‍ ഏതു മതവിശ്വാസികളായാലും ഇസ്‌ലാം മതാനുയായികള്‍ക്ക് ഇനി ഇന്ത്യന്‍ പൗരത്വമില്ല എന്നും ഡല്‍ഹി വാഴുന്നവര്‍ പറഞ്ഞു കഴിഞ്ഞിരുന്നു.
നമ്മുടെ ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിലെ ക്രൈസ്തവര്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതസ്ഥര്‍ എന്നിവരെയൊക്കെയും അഭയാര്‍ഥികളായി സ്വീകരിക്കുന്നതില്‍ ഇന്ത്യക്കു മടിയില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന കേന്ദ്രഭരണകൂടം ഇസ്‌ലാം മതവിശ്വാസികളെ അതില്‍നിന്ന് ബോധപൂര്‍വം മാറ്റിനിര്‍ത്തി. മനുഷ്യത്വപരമായ സമീപനമാണ് അഭയാര്‍ഥികളുടെ കാര്യത്തില്‍ ഭരണം സ്വീകരിക്കേണ്ടതെന്ന് ഇന്ത്യന്‍ സുപ്രിംകോടതി പറയുമ്പോഴും റോഹിംഗ്യ അഭയാര്‍ഥികള്‍ മുസ്‌ലിംകളാണെന്ന കാരണത്താല്‍ മ്യാന്‍മര്‍ എന്ന പഴയകാല ബര്‍മ സ്വീകരിക്കാത്ത അവസരത്തിലും കടക്ക് പുറത്ത് എന്നുപറഞ്ഞ് നാം നിര്‍ദാക്ഷിണ്യം പുറംതള്ളുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."