ബാക് ടു ഹോം: രണ്ട് കുടുംബങ്ങള്‍ക്ക് വസ്തുവും വീടും നല്‍കും
കൊല്ലം: മണ്‍റോതുരുത്ത് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പ്രളയവും പരിസ്ഥിതിപ്രശ്‌നങ്ങളും നിത്യജീവിതം ദുസഹമാക്കിയ രണ്ട് സാധുകുടുംബങ്ങള്‍ക്ക് ടി.കെ.എം എന്‍ജിനിയറിങ് കോളജ് ബാക് ടു ഹോം പദ്ധതി സാന്ത്വനമാകുന്നു.
ഈരമ്പ്രത്ത് പുഷ്പരാജവിലാസത്തില്‍ കൂലിപ്പണിക്കാരനായ രാജ്കുമാറിന്റെ കുടുംബത്തിന് ഒന്‍പത് ലക്ഷം രൂപയുടെ സഹായമാണ് 1997 ബാച്ചിലെ വിദ്യാര്‍ഥികള്‍ നല്‍കുന്നത്. മാതാവ് ശാന്തയും രോഗിയായ ഭാര്യയും മുന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. അടുത്ത കാലവര്‍ഷത്തെ അതിജീവിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു വീട്ടിലാണ് താമസം. പ്രളയം കൊണ്ടുവന്ന ചെളിയും ജൈവ അവശിഷ്ടങ്ങളും ഇഴ ജന്തുക്കളും അടച്ചുറപ്പില്ലാത്ത ഈ വീടിനെ നരക തുല്യമാക്കിയ അവസ്ഥയിലാണ്. 40 വര്‍ഷം മുന്‍പ് നിര്‍മിച്ച വീടിന്റെ ചുവരുകളില്‍നിന്നും സിമന്റ് പാളികള്‍ അടര്‍ന്നു മാറിക്കഴിഞ്ഞു. വീടിനരികെയുള്ള തോട്ടിലെ ഉപ്പുവെള്ളവും പ്രദേശത്തെ ഉപ്പുകലര്‍ന്ന കാറ്റും ഇഷ്ടികത്തറകളെയും ഭിത്തികളെയും ദ്രവിപ്പിച്ചു തീര്‍ത്തും ദുര്‍ബലമാക്കിയിട്ടുണ്ട്. ഇതുമൂലം വിണ്ടുകീറിയ മുകള്‍ഭിത്തികള്‍ മേല്‍ക്കൂര താങ്ങാനാവാതെ നില്‍ക്കുകയാണ്. പഞ്ചായത്തിന്റെ സഹായത്തോടെ കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥലത്തു മൂന്ന് സെന്റ് വസ്തു വാങ്ങി ഈ കുടുംബത്തിന് വീടുവച്ച് നല്‍കാനാണ് പദ്ധതിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. എസ്. അയൂബ് അറിയിച്ചു.
സമീപത്തെ ആനന്ദഭവനത്തില്‍ ഓട്ടോ ഡ്രൈവറായ സന്തോഷിന്റേതാണ് രണ്ടാമത്തെ കുടുംബം. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന ഈ കുടുംബവും ഇതേ അവസ്ഥയില്‍ ഏതു നിമിഷവും നിലംപൊത്താവുന്ന ഒരു വീട്ടില്‍ ഭീതിയോടെ കഴിയുകയാണ്. 2008 മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് ഇവര്‍ക്ക് വസ്തു വാങ്ങാനായി മൂന്നു ലക്ഷം രൂപ നല്‍കുന്നത്. കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍നിന്ന് വിരമിച്ച പ്രൊഫ. എന്‍. പദ്മനാഭ അയ്യരാണ് വീടുവയ്ക്കാനുള്ള ആറ് ലക്ഷം രൂപ നല്‍കുന്നത്. മണ്‌റോതുരുത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആദ്യവീടിന്റെ പ്രവേശന ചടങ്ങ് 9ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ നടക്കും. ചടങ്ങില്‍ രണ്ടു കുടുംബങ്ങള്‍ക്കും വസ്തു വാങ്ങാനുള്ള തുകയും കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."