'നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു, ഞങ്ങള്‍ക്കു മുന്നിലെത്താന്‍'
ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂസ്റ്റണിലെ സ്റ്റേഡിയത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി അഭ്യര്‍ഥന നടത്തി അവര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് ഇന്ത്യക്കാരനായ സാത്വിക ഹെഗ്‌ഡെ എന്ന കൗമാരപ്രായക്കാരന്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. നേരിലൊന്നു കാണാനോ സംസാരിക്കാനോ ലോകനേതാക്കള്‍ക്കുപോലും എളുപ്പമല്ലാത്ത ട്രംപിനെപ്പോലൊരാള്‍ക്കൊപ്പം അവിചാരിതമായി സെല്‍ഫിയെടുത്ത മിടുക്കനെന്ന മട്ടിലാണ് അവനെ നാടെങ്ങും പ്രകീര്‍ത്തിച്ചത്.
അതേദിവസം അതേ അമേരിക്കയില്‍ മറ്റൊരു കാര്യം സംഭവിച്ചു. തന്നെ വന്നു കണ്ട് ആഗോളതാപനത്തെക്കുറിച്ചും അതുണ്ടാക്കാവുന്ന സര്‍വനാശത്തെക്കുറിച്ചുമുള്ള വേവലാതി പങ്കുവച്ച സ്വീഡനില്‍നിന്നുള്ള ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന പതിനാറുകാരിയോട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒരു കാര്യം നിര്‍ദേശിച്ചു. ''ട്രംപിനെക്കൂടി കണ്ട് ഇക്കാര്യങ്ങളൊക്കെ സംസാരിക്കൂ.''
ഉടന്‍ വന്നൂ അതീവപുച്ഛത്തോടെയുള്ള ആ പെണ്‍കുട്ടിയുടെ മറുപടി, ''എന്തിന്. എന്തു കാര്യത്തിനു ഞാന്‍ അയാളെ കാണണം. അതുകൊണ്ട് എന്തു നേട്ടമാണുണ്ടാകാന്‍ പോകുന്നത്.''
ആ പെണ്‍കുട്ടി ട്രംപിനെ കാണാന്‍ പോയില്ല. അങ്ങനെയൊരു മനുഷ്യനെ കാണാന്‍ അവള്‍ക്കു താല്‍പ്പര്യമേയുണ്ടായിരുന്നില്ല. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ അവള്‍ക്ക് ലോകത്തിലെ ഏറ്റവും ശക്തിയുള്ള രാജ്യത്തിന്റെ ഏകച്ഛത്രാധിപതിയെ കാണേണ്ടി വന്നു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു വച്ചായിരുന്നു അത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഭീതിതമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു ഗ്രേറ്റ. ആ സമ്മേളനവേദിയിലേയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് കടന്നുവന്നപ്പോള്‍ ലോകനേതാക്കളുള്‍പ്പെടെ ആരാധനയോടെയും ആദരവോടെയുമാണ് എതിരേറ്റത്.
എന്നാല്‍, ഗ്രേറ്റയുടെ ശരീരഭാഷ തികച്ചും വ്യത്യസ്തമായിരുന്നു. 'അടക്കിനിര്‍ത്താനാവാത്ത രോഷംമൂലം അവളുടെ മുഖത്തെ ധമനികളിലേയ്ക്കു രക്തം ഇരച്ചുകയറി. ഞരമ്പുകള്‍ വലിഞ്ഞു മുറുകി. കാണാനറപ്പുള്ള എന്തോ കാണുമ്പോലെ അവള്‍ അസ്വസ്ഥയായി.' ഏതാണ്ട് ഇത്തരത്തിലായിരുന്നു ആ നിമിഷങ്ങളെക്കുറിച്ചുള്ള വാര്‍ത്ത.
ഗ്രേറ്റയ്ക്കു ട്രംപിനോടു വ്യക്തിപരമായ വൈരാഗ്യവുമുണ്ടായിരുന്നില്ല. അവള്‍ അമേരിക്കയില്‍ എത്തുന്നതുപോലും ആദ്യമായാണ്. ട്രംപിനെ കാണുന്നതും ആദ്യമായാണ്. എന്നിട്ടും അവള്‍ ട്രംപിനെ വെറുത്തത് ആഗോളതാപനത്തെയും കാലാവസ്ഥാവ്യതിയാനത്തെയും തടഞ്ഞുനിര്‍ത്താനുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ തയ്യാറാകാതെ ആ ശ്രമത്തെ ബോധപൂര്‍വം ചതിക്കുന്നയാള്‍ എന്ന കാരണത്താലായിരുന്നു.
ആഗോളതാപനം ഈ ഭൂലോകത്തുണ്ടാക്കാന്‍ പോകുന്ന സര്‍വനാശത്തെക്കുറിച്ചുള്ള വേവലാതിയില്‍ ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിന്റെ പ്രത്യേകവേദി അമേരിക്കയില്‍ത്തന്നെയായിരുന്നു. ലോകരാഷ്ട്രങ്ങളില്‍ മിക്കതിന്റെയും ഭരണസാരഥികള്‍ ആ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, സ്വന്തം മണ്ണില്‍ നടക്കുന്ന ആ സമ്മേളനം ബഹിഷ്‌കരിച്ച ട്രംപ് നേതൃത്വം കൊടുക്കുന്ന രാജ്യമാണ് അമേരിക്ക. ബഹിഷ്‌കരിക്കാന്‍ ട്രംപ് കണ്ടെത്തിയ കാരണം, ആഗോളതാപനത്തിനെതിരായ നീക്കങ്ങള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നായിരുന്നു. അമേരിക്കയുടെ കച്ചവട താല്‍പ്പര്യത്തിന് എതിരാണെന്ന്. ലോകം നശിച്ചാലും ലാഭം കൊയ്യണമെന്നതാണല്ലോ ട്രംപിന്റെ രാഷ്ട്രീയ നിലപാട്.
ആ ട്രംപിനെയാണ്, അമേരിക്ക ബഹിഷ്‌കരിച്ച സമ്മേളനത്തിനെത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ആവേശപൂര്‍വം എതിരേറ്റത്. ട്രംപിന്റെയും മറ്റു ലോകനേതാക്കളുടെയും കാപട്യം സഹിക്കവയ്യാതെയാണ് ഗ്രേറ്റ അതിരൂക്ഷമായ രീതിയില്‍ ആ വേദിയില്‍ പെരുമാറുകയും പ്രസംഗിക്കുകയും ചെയ്തത്.
''ഞാന്‍ ഈ വേദിയില്‍ ഇരിക്കേണ്ടവളല്ല, ഈ സമയം എന്റെ നാട്ടിലെ വിദ്യാലയത്തിലെ ക്ലാസ് മുറിയില്‍ ഇരുന്നു പഠിക്കേണ്ടവളാണ്. എന്നിട്ടും നിങ്ങള്‍ എന്നെപ്പോലുള്ള യുവതലമുറയെ ഇത്തരം വേദിയിലേയ്ക്കു വിളിച്ചുവരുത്തുന്നു. ഞങ്ങളിലാണ് ഭാവിയുടെ പ്രതീക്ഷയെന്നു പറയുന്നു. ഇത്തരം കപടനാടകവുമായി ഞങ്ങള്‍ക്കു മുന്നിലെത്താന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു.'' ഈ ഭൂമിയെയും ആകാശത്തെയും ഹരിതവാതകങ്ങളാല്‍ നിറയ്ക്കുന്ന വികസന കുടിലതകള്‍ക്കു നേതൃത്വം കൊടുക്കുന്ന ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ക്കു നേരേയായിരുന്നു ഒട്ടും മയമില്ലാത്ത ഗ്രേറ്റയുടെ ഈ ചോദ്യം.
അതേ സദസ്സില്‍ വച്ച് ആഗോളതാപനത്തിനു കാരണക്കാരായ പത്തോളം രാഷ്ട്രത്തലവന്മാര്‍ക്കെതിരേയുള്ള കുറ്റപത്രമെന്നു വിശേഷിപ്പിക്കാവുന്ന പരാതി ഗ്രേറ്റയും കൂട്ടുകാരും ഐക്യരാഷ്ട്രസഭയ്ക്കു നല്‍കിയത്.
എന്തുകൊണ്ട് അമിതമായ ഹരിതഗ്രഹവാതക ബഹിര്‍ഗമനത്തെയും അതു ഫലപ്രദമായി തടയാത്ത ഭരണാധികാരികളെയും ഗ്രേറ്റയും കൂട്ടുകാരും വെറുക്കുന്നുവെന്നത് അതിന്റെ തീവ്രതയോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറായാലേ ആ പെണ്‍കുട്ടിയുടെ മഹത്വം ബോധ്യപ്പെടൂ. അവളുടെ ജീവിതത്തെക്കുറിച്ചറിഞ്ഞാലേ അവളുടെ ചെയ്തികളെക്കുറിച്ചു ബഹുമാനം തോന്നൂ.
ആസ്പര്‍ജര്‍ സിന്‍ഡ്രോം എന്നു വിളിക്കപ്പെടുന്ന മാനസികാവസ്ഥയുള്ള കുട്ടിയാണു ഗ്രേറ്റ. സാധാരണനിലയില്‍ ആ മാനസികാവസ്ഥ ജീവിതത്തില്‍ കടുത്ത വൈതരണികള്‍ സൃഷ്ടിക്കുന്ന രോഗാവസ്ഥയായി ഗണിക്കപ്പെടില്ല. ചികിത്സ അസാധ്യമോ ദുഷ്‌കരമോ ആയ അത്തരം വ്യക്തികളോട് സഹതാപമോ അവഗണനയോ ഒക്കെയാണു സമൂഹം കാണിക്കാറുള്ളത്.
എന്നാല്‍, നന്നേ ചെറുപ്പത്തില്‍ തന്നെ താന്‍ ആസ്പര്‍ജര്‍ മാനസികാവസ്ഥയുള്ളവളാണെന്നു ബോധ്യമായ ഗ്രേറ്റ അതൊരു വൈകല്യമായല്ല, സാധ്യതയായാണു കണക്കിലെടുത്തത്. അവള്‍ തന്റെ ശ്രദ്ധ മുഴുവന്‍ ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിലും മന നത്തിലും ചെലവഴിച്ചു. അതില്‍ പ്രധാനം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ളതായിരുന്നു.
ആ പഠനം അവളെ എത്തിച്ചതു ഞെട്ടിക്കുന്ന ചില ബോധ്യത്തിലേയ്ക്കായിരുന്നു. സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ നെട്ടോട്ടം പ്രകൃതിയെ ആകെ തകര്‍ത്തെറിയുകയാണെന്നു ഗ്രേറ്റ തിരിച്ചറിഞ്ഞു. വികസനത്തിന്റെയും ആര്‍ഭാടത്തിന്റെയും പേരില്‍ നടത്തുന്ന വഴിവിട്ട പ്രവൃത്തികള്‍ ആകാശത്തേയ്ക്കു ഹരിതഗ്രഹവാതകങ്ങളെ കണക്കറ്റു തുറന്നുവിടുകയാണെന്നും അതു കാലാവസ്ഥയില്‍ ഭീകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണെന്നും അതിഭീകരമായ ചൂട് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കത്തിനു കാരണമാകുന്നുണ്ടെന്നും ഇതു സമുദ്രജലം ഉയരുന്നതിനും ഭൂപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്നതിനും കാരണമാകുമെന്നും മറ്റും അവള്‍ തിരിച്ചറിഞ്ഞു.
ഈ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഭയന്നുവിറച്ചാണ് പ്രകൃതിയെയും അതിലൂടെ മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ തന്നാലാവുന്നതു ചെയ്യുകയെന്ന നിലയിലാണ് ഗ്രേറ്റ പഠിപ്പുമുടക്കി സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ ഏകാംഗസമരം ആരംഭിച്ചത്. ഇന്നത് വലിയൊരു പ്രക്ഷോഭപ്രസ്ഥാനമായി വളര്‍ന്നു, ലോകം മുഴുവന്‍ വ്യാപിച്ചു.
നമ്മള്‍ ആദരിക്കേണ്ടതും പ്രകീര്‍ത്തിക്കേണ്ടതും കന്മഷമില്ലാത്ത, വ്യക്തിപരമായ ഒരു നേട്ടവും ആഗ്രഹിക്കാത്ത ഇത്തരം പോരാട്ടം നടത്തുന്ന പുതുതലമുറയെയാണ്, സെല്‍ഫിയെടുത്ത് ആത്മസംതൃപ്തി അടയുന്നവരെയല്ല. നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കു മാതൃകയാകേണ്ടത്, 'നാണമില്ലാതെ ഞങ്ങള്‍ക്കു മുന്നിലെത്താന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു' എന്നു തെറ്റു ചെയ്യുന്ന ഭരണാധികാരിയുടെ മുഖത്തു നോക്കി ചോദിക്കാന്‍ കഴിയുന്ന യുവത്വമാണ്.
ഗ്രേറ്റ അതാണ്, രാജാവ് നഗ്നനാണെന്ന യാഥാര്‍ഥ്യം വിളിച്ചു പറയാന്‍ മടിയില്ലാത്തവള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."