കണ്ണീര്‍പുഴ
നാടെങ്ങും നല്ല വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
പുഴക്ക് കുറുകെ പുതിയ പാലം വരുന്നുണ്ടത്രേ..
അതും പതിനാറടി വീതിയില്‍..
വന്നില്ല..
വരും.
അത് മാത്രമല്ല.
വേറെ പലതും..
പദ്ധതികള്‍ ഒരുപാടുണ്ട്..
എല്ലാം വരും.
പക്ഷേ ഇക്കുറിയെങ്കിലും മുന്നണി ജയിക്കണം.
എങ്കിലേ ഈ പറഞ്ഞതൊക്കെ നടക്കൂ.
ഇവിടുത്തെ ജനങ്ങള്‍ക്ക് ഭാഗ്യമുണ്ടോ എന്ന് നോക്കാം.
അല്ലെങ്കിലും ഭാഗ്യവും നിര്‍ഭാഗ്യവും അവര്‍ തന്നെയല്ലേ തീരുമാനിക്കുന്നത്.
നാട്ടിലെങ്ങും കുടിവെള്ള ക്ഷാമമാണ്.
അതിനൊരു പരിഹാര പദ്ധതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഇരു മുന്നണികളും അഞ്ചുവര്‍ഷം കൂടുമ്പോള്‍ പദ്ധതി ഒന്നുകൂടി വിപുലമാക്കി പുതിയ പ്ലാനുമായി വരും.
പക്ഷേ ഇന്നുവരെ ഒന്നും നടന്നിട്ടില്ല.
പക്ഷേ ഇക്കുറി എന്തായാലും നടക്കും.
അത്രമേല്‍ ഉറപ്പാണ് മുന്നണി സ്ഥാനാര്‍ഥി തന്നിട്ടുള്ളത്.
തിരക്കിട്ട ഓട്ടത്തിനിടയിലും അദ്ദേഹം ഈ കുഗ്രാമത്തില്‍ നേരിട്ടെത്തി എന്നതാണ്..
മുന്‍പ് അങ്ങനെ ഒരനുഭവം ഇല്ലാത്തത് കൊണ്ട് തന്നെ അല്‍പ്പം പ്രതീക്ഷ ഞങ്ങളിലുണ്ട്.
ഇവിടുത്തെ റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ മണ്‍പാതകളാണ്.
മഴ പെയ്താല്‍ ചെളി നിറഞ്ഞു നടക്കാന്‍ പോലും കഴിയാറില്ല.
അതിനും പരിഹാരമാവുമെന്നാണ് കേള്‍വി.
എന്തായാലും മുന്നണി ജയിക്കട്ടെ.
നാട് നന്നാവട്ടെ.
ഇടവഴിയിലൂടെ നടക്കുമ്പോള്‍ പഞ്ചായത്ത് മെമ്പര്‍ മുമ്പില്‍..
'എന്താ കണാരേട്ടാ..
സുഖമല്ലേ..'
മെമ്പറുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ ചോദ്യം.
സാധാരണ കണ്ട ഭാവം നടിക്കാത്തതാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ നേതാക്കളും ഇങ്ങനെ തന്നെ.
'സുഖം തന്നെ മെമ്പറെ..'
ഉള്ളില്‍ ഇഷ്ടക്കേടുണ്ടെങ്കിലും പുറത്തു കാണിച്ചില്ല.
'കണാരേട്ടനിപ്പോഴും ആ പഴയ വീട്ടില്‍ തന്നെയല്ലേ താമസം.'
'അതേ.. വേറെ എവിടെ താമസിക്കാനാ ഞാന്‍.'
'ആ.. വീടൊക്കെയൊന്ന് പുതുക്കിപ്പണിയേണ്ടേ നമുക്ക്..
കണാരേട്ടന്‍ പഞ്ചായത്തിലോട്ടൊന്ന് വാ..
നമുക്ക് വഴിയുണ്ടാക്കാം.'
മെമ്പര്‍ ചൂണ്ട നീട്ടിയെറിഞ്ഞു.
ഒരു വീടിന് വേണ്ടി ഇനി കയറിയിറങ്ങാത്ത സ്ഥലമില്ല.
എത്രയോ തവണ ഇയാളുടെ മുന്നിലൊക്കെ അപേക്ഷയും കൊണ്ട് ചെന്നതാണ്.
ഇത്തവണ നടക്കില്ല അടുത്ത പ്രാവശ്യം നോക്കാം എന്നും പറഞ്ഞ് വീട്ടിട്ടേയുള്ളൂ.
മൂത്ത മോളുടെ വിവാഹ ധനസഹായം കിട്ടിയപ്പോള്‍ അതിലൊരു പങ്ക് കയ്യിട്ടെടുത്തവനാണ്.
എന്നിട്ടിപ്പോ വന്നിരിക്കുന്നു വീട് ശരിയാക്കാന്‍..
നാക്ക് ചൊറിഞ്ഞുവന്നതാണ്.
ഒന്നും പറഞ്ഞില്ല.
'ആ... പിന്നെയ് കുമാരേട്ടാ..
നമ്മുടെ ചിഹ്നം ഓര്‍മയുണ്ടല്ലോ അല്ലേ..
മറക്കണ്ട, നമ്മള് ജയിച്ചു കേറിയാലേ ഈ നാടിന് വികസനം വരൂ..'
മെമ്പര്‍ കാര്യത്തിലേക്ക് കടന്നു.
വികസനം കൊണ്ട് ഈ നാട്ടില്‍ നടക്കാന്‍ വയ്യെന്ന് മനസിലോര്‍ത്ത് ഒന്ന് മൂളിയെന്ന് വരുത്തി നടന്നുനീങ്ങി.
മെമ്പര്‍ക്കത് അത്രയങ്ങ് പിടിച്ചില്ലെന്ന് തോന്നി.
പിടിച്ചാലെന്ത് പിടിച്ചില്ലെങ്കിലെന്ത്.
ആര് ഭരിച്ചാലും ഈ നാടിന് ഗുണമൊന്നും ഉണ്ടായിട്ടില്ല ഇതുവരെ.
പക്ഷേ, ഇത്തവണ അല്‍പം പ്രതീക്ഷയില്‍ തന്നെയാണ്.
അത്രക്ക് ഉറപ്പാണ് മുന്നണി സ്ഥാനാര്‍ഥിതന്നിട്ടുള്ളത്.
പാലവും റോഡും അവിടെ നില്‍ക്കട്ടെ.
കുടിവെള്ളക്ഷാമത്തിന് ഒരു പരിഹാരമുണ്ടാക്കിയാല്‍ മതിയായിരുന്നു.
കുന്നില്‍ ചെരിവിലൂടെ കിലോമീറ്ററുകള്‍ താണ്ടി വെള്ളത്തിനായുള്ള ഓട്ടം ഓര്‍ക്കാനേ വയ്യ.
താഴെ പുഴയുണ്ടെന്ന് പറഞ്ഞിട്ടെന്താ..
കുന്നിന്‍പ്രദേശത്തേക്ക് വെള്ളമെത്തിക്കാന്‍ ഒരു മോട്ടോര്‍ വാങ്ങി വെള്ളം പമ്പ് ചെയ്യണം.
അത് ഗവണ്‍മെന്റ് സഹായത്തിലേ നടക്കൂ.
ആ ഒരുറപ്പ് കിട്ടിയാല്‍ മതി.
ഉച്ചിയില്‍ വെയിലിന്റെ പ്രഹരം വല്ലാതെ കൂടിയപ്പോള്‍ ഒരു മരത്തണലില്‍ കുത്തിയിരുന്നു.
രാവിലെ മേയാന്‍ വിട്ട പശുവിനെ അന്വേഷിച്ചിങ്ങിയതാണ്.
ഭാര്യയുടെ കെട്ടുതാലി പണയംവച്ച് വാങ്ങിയതാണ് പശുവിനെ.
ഒരു ലോണിന് എഴുതി കൊടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞു. അത് പാസായിവന്നെങ്കില്‍ താലി പണയത്തില്‍ നിന്നെടുക്കാമായിരുന്നു.
ഉപജീവനത്തിനുള്ള ഏക ആശ്രയമാണ് ആ പശു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ട് നടക്കുന്നുണ്ട്.
മൈക്കിലൂടെയുള്ള അനൗണ്‍സ്‌മെന്റ് നാട്ടിലാകെ വിതറി വാഹനങ്ങള്‍ കടന്നുപോകുന്നത് കണ്ടു.
എല്ലാവരും വലിയ ഉത്സാഹത്തിലാണ്.
ഒരു മുന്നണിയെ ജയിക്കൂ എങ്കിലും പരാജയഭീതി ആര്‍ക്കുമില്ല എന്നതാണ് രസകരം.
എല്ലാവരും വിജയപ്രതീക്ഷയിലാണ്.
പലരും പലയാവര്‍ത്തി കൂട്ടിയും കിഴിച്ചും ഭൂരിപക്ഷം ഉറപ്പിച്ചു.
നിഷ്പക്ഷമായ വോട്ടുകളെ പാട്ടിലാക്കാന്‍ പതിനെട്ടടവും പയറ്റി പാര്‍ട്ടി അനുയായികള്‍ നെട്ടോട്ടമോടുന്നുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഇവരുടെയൊക്കെ സ്ഥിതിയാണ് മോശം.
ഇന്ന് ഈ കാണുന്ന മതിപ്പൊന്നും പിന്നെ ഒരു നേതാക്കളും അനുയായികള്‍ക്ക് കൊടുക്കാറില്ല.
അത് അറിഞ്ഞിട്ടും എല്ലാ തെരഞ്ഞെടുപ്പിലും വീണ്ടും അവര്‍ സജീവമാവുക പതിവാണ്. തെരഞ്ഞെടുപ്പ് കാലം തൊഴിലവസരമാക്കുന്ന ചില തെരഞ്ഞെടുപ്പ് തൊഴിലാളികളും ഉണ്ട് കൂട്ടത്തില്‍. അവര്‍ക്കിത് ചാകരയാണ്. കവലയില്‍ നേതാവിന്റെ പ്രസംഗം പൊടിപൊടിക്കുന്നുണ്ട്. നാട്ടിലെ പ്രശ്‌നങ്ങള്‍ ഇത്രമേല്‍ മനസിലാക്കിയ മറ്റൊരു നേതാവും ഉണ്ടാവില്ല. അത്രയും ആഴത്തില്‍ പഠിച്ചുവച്ചിട്ടുണ്ട്. കൂടാതെ നാട്ടിലെ സാധാരണക്കാരനെയടക്കം പേരെടുത്ത് പറയുന്നുണ്ട്. എന്തൊരു വിനയം, എന്തൊരു ആത്മാര്‍ഥത.. ഇതൊക്കെതന്നെയല്ലേ ഒരു നേതാവിന് വേണ്ട ഗുണങ്ങള്‍. ഞാന്‍ നേതാവല്ല നിങ്ങള്‍ക്കിടയിലെ ഒരാളാണ് എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയ്യടി കിട്ടാതിരിക്കുന്നതെങ്ങനെ. പ്രായമായവരെ ചേര്‍ത്തുപിടിച്ച് കുശലം പറയാന്‍ ഇന്ന് ഈ നേതാവിനല്ലാതെ അവരുടെ മക്കള്‍ക്ക് പോലും നേരമുണ്ടാവില്ല. സുഖവിവരങ്ങള്‍ ചോദിച്ചറിയുന്നതിലെ ആത്മാര്‍ഥതയെ ചോദ്യംചെയ്യാന്‍ ഞാനൊരുക്കമല്ല. എന്തൊക്കെ പറഞ്ഞാലും അതൊരു പുണ്യം തന്നെയാണ്.
വികസനം അനുവാദം ചോദിച്ചു മുന്നില്‍ വന്നുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയും മുന്‍പ് എങ്ങനെ വാതില്‍ തുറന്നുകൊടുക്കാനാണ്. വരട്ടെ.. തെരഞ്ഞെടുപ്പ് കഴിയട്ടെ.. നേതാവിന്റെ മട്ടും ഭാവവും കണ്ടാല്‍ തെരഞ്ഞെടുപ്പിനെയൊന്നും കാത്തുനില്‍ക്കണ്ട ഇപ്പോള്‍തന്നെ തുടങ്ങിയേക്കാം എന്നാണ്. എന്നാലും നാട്ടുനടപ്പനുസരിച്ച് ആ ചടങ്ങ് അങ്ങ് കഴിയട്ടെ എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. അതും ഒരു പാടൊക്കെ നിര്‍ബന്ധിച്ച് നേതാവിനെ കൊണ്ട് സമ്മതിപ്പിച്ചു എന്നാണ് കേള്‍വി. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഒരു പദ്ധതിയെങ്കിലും തുടക്കം കുറിച്ചേനെ.
രാവിലെ ഒരു ആരവം കേട്ടാണ് ഉറക്കമുണര്‍ന്നത്. കണ്ണും തിരുമ്മി പുറത്തിറങ്ങിയപ്പോള്‍ പലരും ധൃതിയില്‍ ഓടുന്നത് കണ്ടു. കാര്യമന്വേഷിച്ചപ്പോള്‍ നാട്ടില്‍ ഒരു പുഴ ഒഴുകുന്നു. ആകെ അതിശയമായി. വിചാരിച്ചത് പോലെ അല്ല. നേതാവ് പണി തുടങ്ങിക്കഴിഞ്ഞു. എന്നാലും പുഴ എങ്ങനെ ഈ വഴി.. വഴി തുറന്ന് വിട്ടതാണോ.. അതോ തടയണ കെട്ടി വെള്ളം ഈ വഴിക്ക് തരിച്ചു വിട്ടതാണോ.. എന്തായാലും നല്ല കാര്യം തന്നെ.
കുടിവെള്ളത്തിന് പരിഹാരമാവുമല്ലോ..
പുതിയ പുഴ കാണാനുള്ള തിടുക്കത്തില്‍ മറ്റുള്ളവരോടൊപ്പം ഇറങ്ങിയോടി. കുറച്ചകലെ ചെന്നപ്പോള്‍ കണ്ടു. ഒരു ഓലപ്പുരയുടെ നാലു കാലുകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പുഴ..
ചോരപ്പുഴ..
അതും മുന്നണിക്ക് എതിരായി പ്രവര്‍ത്തിച്ച രണ്ടു ചെറുപ്പക്കാരുടെ നെഞ്ചില്‍ നിന്ന്..
മുന്നിലൂടെ ഒഴുകുന്ന ചോരപ്പുഴ കണ്ട് കണ്ണിലൂടെ മറ്റൊരു പുഴ ചാലിട്ടൊഴുകാന്‍ തുടങ്ങി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."