കെ.പി.എം.എസ് പ്രതിഷേധം: വനിതാ ഹോസ്റ്റല്‍ കോംപൗണ്ടിലെ ഇതര സംസ്ഥാനക്കാരെ ഒഴിപ്പിച്ചു
കൊല്ലം: ആശ്രാമം പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന നേഴ്സിംഗ് സ്കൂളിന്റെ വനിതാ ഹോസ്റ്റലിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ലബോറട്ടറി കെട്ടിടത്തിന്റെ നിര്‍മാണത്തിന് വന്ന അന്യസംസ്ഥാന തൊഴിലാളികളെ വനിതാ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ താമസിക്കുവാന്‍ അനുവാദം കൊടുത്ത നേഴ്സിംഗ് സ്കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവെച്ച് സമരം നടത്തി. ഇതു കൂടാതെ ഒരു വര്‍ഷമായി മുടങ്ങികിടക്കുന്ന മെസ് അലവന്‍സും, ഇ-ഗ്രാന്റും, സ്റ്റൈപ്പന്റും ലഭിക്കാന്‍ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
തുടര്‍ന്ന് ഡി.എച്ച്.എസ്, ഡി.എം.ഒ, പൊലിസ് എന്നിവര്‍ ഇടപെടുകയും വൈകിട്ട് 4.30ഓടെ കൂടി ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ നീക്കം ചെയ്യുകയുമായിരുന്നു.
മെസ്സ് അലവന്‍സും മറ്റാനുകൂല്യങ്ങളും ഉടന്‍ നല്കുവാനുളള നടപടി സ്വീകരിക്കാമെന്ന് പ്രിന്‍സിപ്പല്‍ ലൈലാമണി ഉറപ്പു നല്കി.
സമരത്തിന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം കൈതക്കോട് ശശിധരന്, ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്, ജില്ലാ അസി. സെക്രട്ടറി പി. ശിവന്, കെ.പി.എം.എഫ് ജില്ലാ സെക്രട്ടറി ഉഷാ രാധാകൃഷ്ണന്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ മണി ചിറക്കരോട്, ഇത്തിക്കര രാധാകൃഷ്ണന്, കുന്നത്തൂര്‍ രാധാകൃഷ്ണന്, സി. ശിവാനന്ദന്, എന്‍. ശിവശങ്കരന്, യശോധരന് വെളളായണി പാടം, ശാന്തമ്മ, രേണുക, ഇന്ദിര എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."