നഴ്‌സുമാരുടെ മിന്നല്‍ സമരം: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
തൃശൂര്‍: തിരുവനന്തപുരത്ത് ചര്‍ച്ച പരാജയപ്പെട്ടെന്ന നിസാര കാര്യങ്ങള്‍ പറഞ്ഞ്' രാത്രിയില്‍ രോഗികളെ വലച്ച് നഴ്‌സുമാര്‍ മിന്നല്‍ സമരം നടത്തിയെന്ന ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും യുണൈറ്റഡ് ഹോസ്പിറ്റല്‍ സ്റ്റാഫ് അസോസിയേഷനും ചൂണ്ടിക്കാട്ടി. ജൂബിലിയിലെ എക്‌സറെ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ മാനേജ്‌മെന്റ് സ്റ്റാഫായ കന്യാസ്ത്രി മുറിയില്‍ പൂട്ടിയിട്ട സംഭവത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച സന്ധ്യക്ക് പ്രതിഷേധമുണ്ടായത്. ഇവര്‍ക്കെതിരെ ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ നിന്ന് നിരന്തരം പരാതിയുണ്ടെങ്കിലും നടപടി എടുത്തിട്ടില്ല.
ബുധനാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. സെന്റ് തോമസ് ബ്ലോക്കിലെ എക്‌സറെ വിഭാഗത്തിലായിരുന്നു ജീവനക്കാരിക്ക് ജോലി നിശ്ചയിച്ചിരുന്നത്. ഇവിടെ പുറത്ത് കാത്തിരുന്ന രോഗികളിലൊരാള്‍ തളര്‍ന്നു വീണു.
ആശുപത്രി ചട്ടപ്രകാരം വിവരം കൈമാറിയതനുസരിച്ച് എമര്‍ജന്‍സി ടീം എത്തി രോഗിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അത്യാവശ്യ ഘട്ടത്തില്‍ പരിശോധിക്കാനുള്ള ഒരു ഉപകരണവും അവിടെ ഉണ്ടായിരുന്നില്ല. സ്റ്റാഫ് ഇന്‍ ചാര്‍ജായ കന്യാസ്ത്രിയെയും വിവരം അറിയിച്ചിരുന്നു. ഇവരുടെ നിര്‍ദ്ദേശാനുസരണം എക്‌സറെ യൂണിറ്റിലെ ജീവനക്കാരി ഇന്‍സിഡന്റ് റിപ്പോര്‍ട്ടും ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.
വ്യാഴാഴ്ച സ്റ്റാഫ് ഇന്‍ ചാര്‍ജായ കന്യാസ്ത്രി ജീവനക്കാരിയെ വിളിച്ച് തന്റെ ഒപ്പില്ലാതെ ഇന്‍സിഡന്റ് റിപ്പോര്‍ട്ട് കൈമാറിയതെന്ന് പറഞ്ഞ് അസഭ്യം പറയുകയും അധിക്ഷേപിക്കുകയുമായിരുന്നു. ക്വാളിറ്റി സെല്ലില്‍ നിന്ന് തന്നെ വിളിച്ചതിന്റെ പേരിലാണിതെന്നും കന്യാസ്ത്രി പറഞ്ഞുവത്രെ. എന്നാല്‍ സെല്ലില്‍ ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു സംഭാഷണം ഉണ്ടായില്ലെന്ന് അറിഞ്ഞു. തെളിവായി കോള്‍ ഡീറ്റയിലും കന്യാസ്ത്രീക്ക് നല്‍കി. എന്നാല്‍ ഇതിന്റെ പ്രതികാരമെന്നോണം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ ഇല്ലായെന്ന് അറിയിച്ചില്ലെന്ന കാരണത്താല്‍ വിശദീകരണം നല്‍കാന്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു.
ഇന്‍ചാര്‍ജ് ആയ ആള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയുന്നതാണെന്നും അതിനാല്‍ വിശദീകരണം നല്‍കാന്‍ കഴിയില്ലെന്നും ജീവനക്കാരി മറുപടി നല്‍കിയതോടെ കന്യാസ്ത്രി ഇവരെ റൂമില്‍ പൂട്ടിയിടുകയായിരുന്നു.
പിന്നീട് ബലമായി വിശദീകരണം എഴുതി ഒപ്പിടീപ്പിച്ചു. ഈ വിഷയത്തില്‍ കന്യാസ്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ജോലി ബഹിഷ്‌കരിക്കുകയായിരുന്നു.
എന്നാല്‍, തിരുവനന്തപുരത്തുനിന്ന് നഴ്‌സുമാരുടെ വേതന വര്‍ദ്ധന യോഗം കഴിഞ്ഞ് മടങ്ങിയ മാനേജ്‌മെന്റ് പ്രതിനിധികളുടെ കൂട്ടായ ഗൂഡാലോചനയുടെ ഭാഗമായാണ് ജൂബിലിയിലെ പ്രശ്‌നത്തെ വളച്ചൊടിച്ച് തെറ്റായ വാര്‍ത്ത നല്‍കിയതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍, യുണൈറ്റഡ് ഹോസ്പിറ്റല്‍ സ്റ്റാഫ് അസോസിയേഷന്റെയും ജൂബിലി യൂണിറ്റ് യോഗങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."