ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു
കുട്ടനാട് : പുളിങ്കുന്ന്്-തട്ടാശേരി റോഡില്‍ സാധാരണക്കാര്‍ക്കുള്ള ഏക യാത്രാമാര്‍ഗമായ ഓട്ടോറിക്ഷകള്‍ക്ക് അമിതമായി നിരക്ക് വര്‍ദ്ധിപ്പിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. നേരത്തെയുണ്ടായിരുന്നതിനെക്കാള്‍ 50 ശതമാനം ചാര്‍ജാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ടേണ്‍ അനുസരിച്ച് യാത്രക്കാരുമായി വണ്ടികള്‍ ട്രിപ്പടിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. ഒരേസമയം മിനിമം അഞ്ചു യാത്രക്കാരുമായാണ് ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്തുന്നത്. ആറും ഏഴും യാത്രക്കാരെയും കയറ്റിയിറക്കുന്നതാണ് പതിവ്. അരകിലോമീറ്റര്‍ യാത്രക്കും നിശ്ചിത കൂലി തന്നെ കൊടുക്കേണ്ടതായി വരും. ഇത്തരത്തില്‍ നേരത്തെ ആളൊന്നിന് 10 രൂപയായിരുന്നു നിരക്ക്. എന്നാല്‍ കഴിഞ്ഞ ഒന്നു മുതല്‍ മുന്നറിയിപ്പൊന്നും കൂടാതെ 15 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. 3.4 കിലോമീറ്റര്‍ മാത്രം വരുന്ന റോഡില്‍ സാധാരണ സവാരിക്ക് 75 രൂപയാണ് യാത്രക്കാരില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളും, വിദ്യാര്‍ഥികളുമാണ് യാത്രയ്ക്കായി ഓട്ടോറിക്ഷകളെ ഏറ്റവുമധികം ആശ്രയിക്കുന്നത്. സ്വകാര്യ വാഹനിമില്ലാത്തവര്‍ക്ക് ഇതല്ലാതെ മറ്റൊരു യാത്രാമാര്‍ഗങ്ങളുമില്ലാത്തതിനാല്‍ യാത്രക്കാര്‍ അമിത ചാര്‍ജു കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇന്ധന വിലവര്‍ദ്ധനവിനു പുറമെ റോഡിന്റെ ശോചനീയാവസ്ഥയുമാണ് നിരക്കു വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നത്. അടിക്കടിയുള്ള ഇന്ധനവില വര്‍ദ്ധനവ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിനുപുറമെ അനുദിനം റോഡിലെ കുഴികളിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ പതിവാണ്. കിട്ടുന്ന വരുമാനത്തില്‍ നല്ലൊരു തുക ഇതിനായി ചെലവഴിക്കണമെന്നും ഇവര്‍ പറയുന്നു. നേരത്തെ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിവച്ചതാണ് യാത്രക്കാര്‍ക്ക് വിനയായത്. വര്‍ഷങ്ങളായി ലാഭകരമായി നടത്തിയിരുന്ന സര്‍വിസ് വിവിധ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ പലതവണ നിര്‍ത്തിവച്ചിരുന്നു. പുളിങ്കുന്ന്-തട്ടാശേരി, തട്ടാശേരി-മങ്കൊമ്പ് സര്‍വിസുകള്‍ സര്‍ക്കാര്‍ ജിവനക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഏറെ പ്രയോജനകരമായിരുന്നു. എന്നാല്‍ ലാഭകരമല്ലെന്ന കാരാണം പറഞ്ഞാണ് അധികൃതര്‍ സര്‍വിസ് നിര്‍ത്തി വച്ചത്.
അമിതമായി യാത്രക്കാരെയും കുത്തി നിറച്ചു നീങ്ങുന്നത് അപകടങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും യാത്രക്കാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."