ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് കടകളുടെ വരാന്തയില്‍
വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് വേണ്ടി കോടികള്‍ മുടക്കി പൊലിസ് സ്റ്റേഷന് മുന്നില്‍ സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തില്‍ പണിതീര്‍ത്ത ഓഫിസ് അനാഥമായി കിടക്കുമ്പോഴും തൊഴിലന്വേഷകരെ ദുരിതപര്‍വ്വത്തിലാക്കി തൊഴില്‍ വകുപ്പിന്റെ ക്രൂരത.
കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്നരയായിട്ടും പാലസ് റോഡിലെ ഒന്നാം നിലയിലുള്ള ഒട്ടും സൗകര്യമില്ലാത്ത ഇടുങ്ങിയ കെട്ടിടത്തിലെ ഓഫീസ് വിശാല സൗകര്യത്തിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇതോടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ വെയിലും, മഴയും കൊണ്ട് മണിക്കൂറുകളോളം വരിനില്‍ക്കേണ്ട ഗതികേടിലാണ്.
എല്ലാം ശരിയാക്കാന്‍ ഓടി നടക്കുന്ന നഗരസഭ ഭരണാധികാരികള്‍ ഇതൊന്നും കണ്ട മട്ടേയില്ല. എന്തിനും, ഏതിനും സമര കോ ലാഹലം സൃഷ്ടിയ്ക്കുന്ന യുവജന സംഘടനകള്‍ക്കും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുമില്ല മിണ്ടാട്ടം. എല്ലാവരും തല മണ്ണില്‍ പൂഴ്ത്തിയിരിക്കുകയാണ് തൃശൂര്‍ നഗരത്തില്‍ ടൗണ്‍ ഹാളിന് മുന്നിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കെട്ടിടം കൊട്ടാര സമാനമാക്കുമ്പോഴാണ് വടക്കാഞ്ചേരിയോടുള്ള ഈ അവഗണന.
എന്തുകൊണ്ടാണ് വര്‍ഷം ഒന്നരയായിട്ടും എംപ്ലോയ് മെന്റ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കാത്തതെന്ന ചോദ്യം അധികൃതരുടെ ബധിര കര്‍ണ്ണങ്ങളിലാണ് പതിയ്ക്കുന്നത്. സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് എം പ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് സ്ഥലം അനുവദിച്ചിട്ടുള്ളത് ഈ ഓഫീസ് നഗരസഭ തങ്ങളുടേതാക്കിയെന്ന വാര്‍ത്തയും പുറത്ത് വരികയാണ്.
അതു കൊണ്ടു തന്നെ എക്‌സ്‌ചേഞ്ചിലെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇനിയുമേറെ കാലം നരകയാതന അനുഭവിയ്‌ക്കേണ്ടി വരുമെന്നും ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."