മൊറോക്കന്‍ തീരത്ത് ബോട്ട് മുങ്ങി ഏഴുപേര്‍ മരിച്ചു
റബാത്ത്: മൊറോക്കയുടെ ഭാഗമായ അറ്റ്ലാന്റിക് തീരത്ത് ബോട്ട് മുങ്ങി ഏഴു പേര് മരിച്ചു. കാസബ്ലാങ്ക പട്ടണത്തോട് ചേര്‍ന്ന കടലിലാണ് മൊറോക്കോയില്‍നിന്നുള്ള കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങിയതെന്ന് മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മൂന്നു പേര് പരുക്കുകളോടെ അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. കൂടുതല്‍ ആളുകള്‍ ദുരന്തത്തില്‍ അകപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു. അറ്റ്ലാന്റിക്കിലൂടെ സ്പെയിനിലേക്ക് കുടിയേറാന്‍ പുറപ്പെട്ട സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൊറോക്കന്‍ തീരത്തുനിന്ന് നിരവധി പേരാണ് സ്പെയിന് ലക്ഷ്യമാക്കി അനധികൃത കുടിയേറ്റത്തിനായി പോകുന്നത്. ഈ മേഖലയില്‍ ഇത്തരക്കാര്‍ സഞ്ചരിക്കുന്ന ബോട്ടുകള്‍ അപകടത്തില്‍പെടുന്നത് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മൊറോക്കന്‍ തീരത്തുനിന്ന് കേവലം 14 കിലോമീറ്റര്‍ മാത്രമാണ് സ്പാനിഷ് തീരത്തേക്കുള്ള ദൂരം. ഈ വര്‍ഷം ജനുവരിക്കും സെപ്റ്റംബറിനും ഇടയില്‍ 57,000 പേരെ അനധികൃത കുടിയേറ്റത്തില്‍നിന്ന് പിന്തിരിപ്പിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ജനുവരി ഒന്നിനും സെപ്റ്റംബര്‍ 18നും ഇടയില്‍ 16,894 പേര് സ്പെയിനിലേക്ക് എത്തിച്ചേര്‍ന്നതായി ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 34,238 പേരാണ് സ്പെയിനിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."