അക്ഷരലക്ഷത്തിലെ പെണ്‍കരുത്ത്
ഉന്നത വിജയം കൈവരിച്ച് രാഖി
ആലപ്പുഴ: എഴുത്തും വായനയും അറിയാത്തവരെ അതിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അക്ഷര ലക്ഷം പരീക്ഷയില്‍ ജില്ലയിലെ എറ്റവും പ്രായം കുറഞ്ഞ വിജയായി രാഖി. ആലപ്പുഴ പഴവീട് വാര്‍ഡില്‍ വിജി -സുധ ദമ്പതികളുടെ മകളായ രാഖിക്ക് പതിനേഴ് വയസാണ് പ്രായം. മാനസിക വെല്ലുവിളി നേരിടുന്ന രാഖി പാതിവഴിയില്‍ പഠനമുപേക്ഷിച്ച് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.
അക്ഷരം അറിയാത്തവരെ കണ്ടെത്തി അവര്‍ക്കു വേണ്ട വിദ്യാഭ്യാസം നല്‍കി നാലാം ക്ലാസ് പരീക്ഷ വിജയിപ്പിക്കുക എന്നതാണ് അക്ഷരലക്ഷം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠിക്കാന്‍ വേണ്ട അവസങ്ങളും ഒരുക്കും. രാഖി നാലാം ക്ലാസ് തുല്യതാ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.
മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ പുറത്തേക്ക് പോകുവാനോ ആളുകളോട് ഇടപെഴകുവാനോ രാഖിക്ക് കഴിയില്ല. മുനിസിപ്പാലിറ്റിയിലെ പ്രേരക്മാര്‍, കോ-ഓര്‍ഡിനേറ്ററുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാഖിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് പഠിപ്പിച്ചത്.
തുടര്‍ന്നും രാഖിയ്ക്ക് പഠിക്കണമെന്ന ആഗ്രഹം പറയുന്നതിനാല്‍ ഒരു മാസത്തിനകം തന്നെ ഏഴാ ക്ലാസിലേക്കുള്ള പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തുടങ്ങും. ചെറുപ്പത്തില്‍ പ്രാദേശിക സ്‌കൂളില്‍ അയച്ചിരുന്നെങ്കിലും മാനസിക വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. നഗരസഭാ പ്രേരക് പ്രമീളാ ദേവി, അക്ഷര ലക്ഷം ഇന്‍സ്ട്രക്ടര്‍ സനില്‍ എന്നിവര്‍ ചേര്‍ന്നാണ് രാഖിയെ പഠിപ്പിച്ചത്.
പഠനം തുടങ്ങിയതിന്റെ പ്രാരംഭ ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ കാണിച്ചെങ്കിലും പിന്നീട് പഠിത്തത്തോട് പൂര്‍ണ താല്‍പര്യമാണ് രാഖിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രേരക് പറയുന്നു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വിജയികളെ ആദരിക്കുന്നതിനൊപ്പം അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
96ല്‍ കാര്‍ത്യായനി അമ്മക്ക് 98
ആലപ്പുഴ: നമ്മുടെ മനസില്‍ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അതു സാധിച്ചുതരാന്‍ ലോകം മുഴുവന്‍ കൂടെനില്‍ക്കുമെന്നു കേട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ പല്ലില്ലാത്ത മോണ കാട്ടി കാര്‍ത്യായനിയമ്മ ചിരിക്കും. സ്വന്തം ഇച്ഛാശക്തികൊണ്ട് ഇന്ന് കേരളക്കരയില്‍ താരമായി മാറിയിരിക്കുകയാണ് ഹരിപ്പാട് ചേപ്പാട് സ്വദേശിയായ കാര്‍ത്യായനിയമ്മ എന്ന 96കാരി.
40,368പേര്‍ പരീക്ഷയെഴുതിയ സാക്ഷരത മിഷന്റെ അക്ഷരലക്ഷം പദ്ധതിയില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാംസ്ഥാനം നേടിയാണ് 96കാരിയായ കാര്‍ത്യായനിയമ്മ കേരളക്കരയെ ഞെട്ടിച്ചത്. അക്ഷരലക്ഷം നാലാംക്ലാസ് തുല്യത പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ പരീക്ഷാര്‍ഥിയായിരുന്നു കാര്‍ത്യായനിയമ്മ. തന്റെ നാലാംതലമുറയിലെ കുട്ടികള്‍ പഠിക്കുന്നത് കണ്ടാണ് തനിക്കും പഠിക്കണം എന്ന് ഏറെ വൈകിയും ആഗ്രഹം തോന്നിയതെന്ന് കാര്‍ത്യായനിയമ്മ പറഞ്ഞു.
ചെറുപ്പത്തില്‍ ദാരിദ്ര്യം കാരണം പഠിക്കാന്‍ കഴിഞ്ഞില്ല. നന്നേ ചെറുപ്പം മുതല്‍ അമ്പലത്തില്‍ അടിച്ചുതളിക്കാന്‍ പോയി. രണ്ടു വര്‍ഷം മുന്‍പ് വരെ ജോലി തുടര്‍ന്നിരുന്നവെന്നും അവര്‍ പറയുന്നു. ജില്ലാപഞ്ചായത്ത് നല്‍കിയ ആദരവ് ഏറ്റുവാങ്ങാന്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ എത്തിയതായിരുന്നു കാര്‍ത്യായനിയമ്മ.
പത്താം തരം തുല്യതാ പരീക്ഷ വേഗം പാസാകണം എന്നാണ് കാര്‍ത്യായനിയമ്മയുടെ ആഗ്രഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി മാത്യു, സുമ, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ജുമൈലത്ത്, മണി വിശ്വനാഥ്, മാത്യു ഉമ്മന്‍, പ്രമോദ്, എ.ആര്‍ കണ്ണന്‍, ജമീല പുരുഷോത്തമന്‍, ജില്ലാ സാക്ഷരത മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഹരിഹരന്‍ ഉണ്ണിത്താന്‍, അസി. കോഓര്‍ഡിനേറ്റര്‍ കെ.എം സുബൈദ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."