'കൊലയാളികളെ ശിക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങളെ കൊല്ലൂ'!
ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാറിന്റെ കൊലപാതകത്തിലേക്കു നയിച്ച കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരായി ജാമ്യത്തിലിറങ്ങിയ പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് ഇന്‍സ്‌പെക്ടറുടെ ഭാര്യ രജ്‌നി സിങ് റോത്തോഡ്. കൊലയാളികളെ തടവിലിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ഞങ്ങളെ കൊലപ്പെടുത്തൂവെന്ന് അവര്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവര്‍ക്ക് നീതിയുറപ്പിക്കാന്‍ ഈ സംവിധാനത്തിന് കഴിയില്ലേ? സുബോദ്കുമാറിന് നീതി ലഭിക്കില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അത് ലഭിക്കുക? രജനി ചോദിച്ചു. സുബോദ്കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജിന് അലഹാബാദ് ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രജനിയുടെ പ്രതികരണം.
കേസ് സംബന്ധിച്ച് പൊലിസ് ഞങ്ങളോട് നുണപറയുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യംലഭിക്കാത്ത വിധത്തില്‍ എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണവും കുറ്റപത്രവുമെന്നായിരുന്നു പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍ അതെല്ലാം നുണയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി. ദേശസുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്തപ്പെട്ട ഒരാള്‍ ഒരുവര്‍ഷത്തിനുള്ളില്‍ ജാമ്യം ലഭിച്ചുപുറത്തിറങ്ങില്ലെന്ന് എനിക്കറിയാം. എന്നാല്‍, ഈ കേസില്‍ എന്‍.എസ്.എ ചുമത്തപ്പെട്ടവര്‍ മാസങ്ങള്‍കൊണ്ട് തന്നെ പുറത്തിറങ്ങി. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. എന്‍.എസ്.എ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തപ്പെട്ടതിനാല്‍ ഈ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വഴിയുണ്ടായിരുന്നില്ല. ഇപ്പോള്‍ സംഭവിച്ചതിലെല്ലാം പിഴവുകളുണ്ട്. ഈ ക്രിമിനലുകളെ ശിക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളെ കൊലപ്പെടുത്തൂവെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. എന്നാല്‍ പിന്നെ സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് ചോദ്യംങ്ങള്‍ ചോദിക്കേണ്ടതില്ലല്ലോ. സര്‍ക്കാരിന് ഞങ്ങളോട് മറുപടിയും തരേണ്ടതില്ലല്ലോ- രജനി സിങ് പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് വളരെ മോശമായ വാര്‍ത്തയാണെന്ന് സുബോദിന്റെ മകന്‍ പ്രതാപ് സിങ് പറഞ്ഞു.
കേസിലെ പ്രതികളായ യുവമോര്‍ച്ചാ ജില്ലാ നേതാവ് ശിഖര്‍ അഗര്‍വാള്‍, ഉപേന്ദ്ര രാഘവ്, വെടിവച്ച സൈനികന്‍ ജീത്തു തുടങ്ങിയ ഏഴുപേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബുലന്ദ്ഷഹര്‍ ജില്ലാ ജയിലില്‍ നിന്ന് പുറത്തുകടന്ന പ്രതികളുടെ കഴുത്തില്‍ പൂമാലയിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ 'ജയ്ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങളും ഉച്ചത്തില്‍ വിളിച്ച് അവരെ സ്വീകരിച്ചത് വന്‍ വിവാദമായിരുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ രണ്ടിനാണ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ കൊല്ലപ്പെട്ടത്. ബുലന്ദ്ഷഹര്‍ പൊലിസ് സ്റ്റേഷനു കീഴിലുള്ള മെഹാ ഗ്രാമത്തില്‍ പശുക്കളുടെ അവശിഷ്ടം കണ്ടെത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ കലാപം അഴിച്ചുവിടുകയും ഇതുതടയാനെത്തിയ സുബോദിനെ വെടിവച്ചും ആക്രമിച്ചും കൊല്ലുകയായിരുന്നു. ബുലന്ദ്ഷഹറില്‍ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം നടക്കുന്ന സമയത്ത് ഗ്രാമത്തിലെ വയലില്‍ പശുവിന്റെ അവശിഷ്ടം കൊണ്ടിട്ടതിനു പിന്നില്‍ വന്‍ ഗൂഢാലോചന ഉള്ളതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലാകിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സംഘ്പരിവാര്‍ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു സുബോദ്കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."