കോര്പറേഷന് ജനങ്ങള്‍ക്കൊപ്പമെന്ന് മേയര്‍
കോഴിക്കോട്: സൗത്ത് ബീച്ച് റോഡിലെ അനധികൃത ലോറി പാര്‍ക്കിങ്ങുമായി ബനധപ്പെട്ട വിഷയത്തില്‍ കോര്പറേഷന് ജനങ്ങള്‍ക്കൊപ്പമാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. തെക്കെപ്പുറം വോയ്സ് സംഘടിപ്പിച്ച ടോക്ക് വിത്ത് ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോറിക്കാര്‍ക്ക് ഒട്ടേറെ സൗകര്യങ്ങള്‍ നഗരത്തിനകത്തു തന്നെ വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും റോഡില്‍ മാത്രമെ ലോറികള്‍ പാര്‍ക്ക് ചെയ്യൂ എന്ന പിടിവാശി അവരുടെ ധിക്കാരത്തിന്റെ ഭാഗമാണ്. ഇത് ഒരിക്കലും വച്ച് പൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മേയര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തിലെ കാലഹരണപ്പെട്ട ശുദ്ധജല പൈപ്പുകള്‍ പാടെ മാറ്റി സ്ഥാപിക്കാനുള്ള ബൃഹത്തായ ഒരു പദ്ധതി അടുത്തു തന്നെ നടപ്പില്‍ വരുമെന്ന് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം അറിയിച്ചു. 600 കോടി രൂപയോളം ഇതിന് ചെലവു വരും. എ.ഡി.ബി വായ്പ ഉപയോഗിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. പള്ളിക്കണ്ടിയില്‍ ആധുനിക രീതിയിലുള്ള ഒരു കളിസ്ഥലം നിലവില്‍ വരും. തനിക്ക് ലഭിച്ച നിവേദനങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മേയര്‍ ഉറപ്പു നല്കി. ഒ. മമ്മുദു അധ്യക്ഷനായി. പി.ടി ഇമ്പിച്ചി കോയ, ബി.വി അഹമ്മദ് നിയാദ്, കൗണ്‍സിലര്‍മാരായ സി. അബ്ദുറഹിമാന്, അഡ്വ. പി.എം നിയാസ്, സി.പി ശ്രീകല, വിവിധ റസിഡന്‍സ് അസോസിയേഷന് പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."