പ്രതീക്ഷ കാത്ത് റിലേ
ദോഹ: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യക്ക് നിരാശ. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് യോഗ്യത നേടാനായില്ല. എന്നാല്‍ മിക്‌സഡ് വിഭാഗം 400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ സംഘം യോഗ്യത നേടി. മുഹമ്മദ് അനസ്, വിസ്മയ, ജിസ്‌ന മാത്യു, നിര്‍മല്‍ ടോം എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്കായി മത്സരിച്ചത് വനിതകളുടെ 100 മീറ്റര്‍ സെമി ഫൈനല്‍, പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായത്.
തുടക്കം തന്നെ ഇന്ത്യക്ക് നിരാശയായിരുന്നു. വനിതകളുടെ 100 മീറ്റര്‍ സെമിയില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദ് നിരാശപ്പെടുത്തി. മൂന്നാം ഹീറ്റ്‌സില്‍ ഓടിയ ദ്യുതി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും ദ്യുതിക്ക് കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. ദ്യുതിയുടെ ഹീറ്റ്‌സില്‍ മത്സരിച്ച ജമൈക്കന്‍ താരം എലിന തോംപ്‌സണ്‍, ട്രിനിഡാഡ് ടുബാഗോ താരം കെല്ലി ബാറ്റിസ്റ്റെ, അമേരിക്കന്‍ താരം മൊറോലേക്ക് അകിന്‍സണ്‍ എന്നിവരാണ് യോഗ്യത നേടിയത്. 11.48 സെക്കന്‍ഡ് കൊണ്ടാണ് ദ്യുതി ഓട്ടം പൂര്‍ത്തിയാക്കിയത്. സീസണിലെ ദ്യുതിയുടെ മോശം സമയമായിരുന്നു ഇന്നലെ കുറിച്ചത്.
മൂന്നാം ഹീറ്റ്‌സില്‍ ഓടിയ ഇന്ത്യന്‍ താരം ജാബിറിന് യോഗ്യത നേടാനായില്ല. 49.71 സെക്കന്‍ഡ് കൊണ്ടാണ് ജാബിര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. ജാബിര്‍ ഓടിയ ഹീറ്റ്‌സില്‍ അമേരിക്കന്‍ താരം റായ് ബെഞ്ചമിന്‍, ഖത്തര്‍ താരം അബ്ദുറഹ്മാന്‍ സാംബ എന്നിവര്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. ജാബിര്‍ പുറത്തായെങ്കിലും ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം നേടുന്ന മികച്ച സമയം കണ്ടെത്തിയാണ് ജാബിര്‍ പുറത്തായത്. 2007 ല്‍ ജപ്പാനില്‍ നടന്ന ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ താരം ജോസഫ് അബ്രഹാമിന്റെ റെക്കോര്‍ഡാണ് ജാബിര്‍ ഇന്നലെ തിരുത്തിയത്.
ഇന്ന് അഞ്ച് ഫൈനലുകള്‍
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് അഞ്ച് ഫൈനലുകള്‍. വനിതകളുടെ പോള്‍ വാള്‍ട്ട് ഫൈനലോടെയാണ് ഇന്നത്തെ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. തുടര്‍ന്ന് വനിതകളുടെ 200 മീറ്റര്‍ ഹീറ്റ്‌സും നടക്കും. രാത്രി 12.15ന് പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപിലും ഫൈനല്‍ നടക്കും. വനിതകളുടെ 100 മീറ്റര്‍, പുരുഷന്‍മാരുടെ 4*400 മീറ്റര്‍ റിലേ, 20 കിലോ മീറ്റര്‍ നടത്തം എന്നിവയില്‍ ഇന്ന് ഫൈനലുകള്‍ നടക്കും. വനിതകളുടെ വേഗ രാജാവ് ആരാണെന്ന് ഇന്ന് അറിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."