സമഗ്ര ആരോഗ്യ പരിപാലനം: പദ്ധതികളുമായി ഭാരതീയ ചികിത്സാ വകുപ്പ്
കല്‍പ്പറ്റ: വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് പദ്ധതികളുമായി ഭാരതീയ ചികിത്സാ വകുപ്പ്. ബാലമുകുളം, പ്രസാദം എന്നീ പദ്ധതികള്‍ ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പാക്കും. നിലവില്‍ 1,500 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കാണപ്പെടുന്ന വിളര്‍ച്ചയും അനുബന്ധ രോഗങ്ങളും ഉന്മൂലനം ചെയ്യുകയാണ് പ്രസാദം പദ്ധതിയിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. ഈ അധ്യയന വര്‍ഷം 500 വിദ്യാര്‍ഥികള്‍ക്ക് സേവനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കൂടാതെ രാരീരം, ആയുഷ് ഗ്രാമം, സ്‌നേഹധാര, ആനോ റെക്ടല്‍ ക്ലിനിക് എന്നീ നാലു പുതിയ പദ്ധതികളും ഭാരതീയ ചികില്‍സാ വകുപ്പ് 2018-19 വര്‍ഷം ആരംഭിക്കുന്നുണ്ട്. ഗര്‍ഭിണി പരിചര്യ, പ്രസവാനന്തര പരിചരണം, നവജാത ശിശുപരിചരണം എന്നിവ ആയുര്‍വേദ രീതിയില്‍ ലഭ്യമാക്കുകയാണ് രാരീരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗര്‍ഭകാലചര്യ, മുലയൂട്ടലിന്റെ പ്രാധാന്യം, കുഞ്ഞുങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, ശിശുക്കളുടെ ആഹാരരീതി എന്നിയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമാണ്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഇതു നടപ്പാക്കും.
മാനന്തവാടി ബ്ലോക്കിലെ പഞ്ചായത്തുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതാണ് ആയുഷ് ഗ്രാമം പദ്ധതി. ബ്ലോക്കിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, തിരുനെല്ലി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുതിനാവശ്യമായ യോഗ പരിശീലനം നല്‍കി മരുന്നുകളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് ആയുഷ് ഗ്രാമം പദ്ധതിയുടെ ലക്ഷ്യം.
സാന്ത്വന പരിചരണ രംഗത്ത് ആയുര്‍വേദത്തിന്റെ പുത്തന്‍ ചുവടുവയ്പാണ് സ്‌നേഹധാര. കിടപ്പുരോഗികള്‍ക്ക് ആയുര്‍വേദ വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട ഹോം കെയര്‍ ടീം വഴി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആയുര്‍വേദ ചികിത്സാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പൈല്‍സ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തിലെ രക്ഷാസൂത്രം പോലുള്ള ചികിത്സ മാര്‍ഗങ്ങള്‍ വഴി രോഗശമനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നതാണ് ആനോ റെക്ടല്‍ ക്ലിനിക്. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഇതിന്റെ സേവനം ലഭ്യമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."