ജീവനക്കാരനെ മര്‍ദിച്ച ടി.ഡി.പി എം.പിയെ കൂടുതല്‍ വിമാനക്കമ്പനികള്‍ വിലക്കി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ടി.ഡി.പിയുടെ ലോക്‌സഭാംഗം ജെ.സി ദിവാകര്‍ റെഡ്ഡി വിമാനജീവനക്കാരനെ മര്‍ദിച്ച സംഭവം അന്വേഷിക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. വിഷയത്തില്‍ എം.പിക്ക് അനുകൂലമായി ഇടപെടില്ലെന്നും എന്തെല്ലാമാണ് വിമാനത്താവളത്തില്‍ നടന്നതെന്ന് പരിശോധിക്കട്ടെയെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.
ഗജപതി രാജുവിന്റെ തെലുഗുദേശം പാര്‍ട്ടിയിലെ അംഗമാണ് ദിവാകര്‍ റെഡ്ഡി. സംഭവം നടക്കുമ്പോള്‍ കേന്ദ്രമന്ത്രിയും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് എം.പിക്ക് ഏഴു വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ അദ്ദേഹം കേന്ദ്രമന്ത്രിയുടെ സഹായം തേടിയതിനു പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്രമന്ത്രി പ്രതികരിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്രമന്ത്രി എം.പിയെ അറിയിച്ചു. എം.പി ഉണ്ടായിരുന്ന കേബിനുമുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. ആരാണു തെറ്റ്‌ചെയ്തതെന്നു വ്യക്തമാവേണ്ടതുണ്ടെന്നാണ് കേന്ദ്രമന്ത്രിയുടെ നിലപാടെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ദിവാകര്‍ റെഡ്ഡിക്ക് കൂടുതല്‍ വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. നേരത്തെ യാത്രാവിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ, എയര്‍ഇന്ത്യാ എന്നീ കമ്പനികള്‍ക്കു പുറമെ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ജെറ്റ് എയര്‍വേയ്‌സ്, വിസ്താര, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍കൂടി റെഡ്ഡിയെ യാത്രാവിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ റെഡ്ഡിക്ക് ഇനി ഇന്ത്യയില്‍ വിമാനയാത്ര സാധ്യമാവില്ല.
സംഭവത്തില്‍ മാപ്പുപറയണമെന്ന് എം.പിയോട് ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വൈകാരികമായാണ് എം.പി പ്രതികരിച്ചത്. എനിക്കൊന്നും പറയാനില്ലെന്നും നിങ്ങളാണ് എന്നെ തകര്‍ത്തതെന്നും എന്നെ വെറുതെവിടൂവെന്നും അദ്ദേഹം പറഞ്ഞു.
എം.പി ജീവനക്കാരനോട് തട്ടിക്കയറുന്നതും എം.പിയെ പറഞ്ഞു മനസിലാക്കാന്‍ ജീവനക്കാരന്‍ ശ്രമിക്കുന്നതും വ്യക്തമാവുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷം ജീവനക്കാരനെ പിടിച്ചുതള്ളിയ ശേഷം പ്രിന്റര്‍ എടുത്തുയര്‍ത്തി നിലത്തിടുന്നതും ദൃശ്യങ്ങളിലുണ്ട്.
വ്യാഴാഴ്ചയാണ് എം.പി ഇന്‍ഡിഗോ ജീവനക്കാരനെ മര്‍ദിച്ചത്. വിശാഖപട്ടണം വിമാനത്താവളത്തില്‍ രാവിലെ 8.10നുള്ള വിമാനത്തില്‍ പോകാനായി കൗണ്ടറിലെത്തിയ അദ്ദേഹത്തോട് ബോര്‍ഡിങ് കഴിഞ്ഞതായി ജീവനക്കാര്‍ അറിയിച്ചതാണ് എം.പിയെ പ്രകോപിപ്പിച്ചത്. ഇതുകേട്ട് പ്രകോപിതനായ എം.പി ജീവനക്കാരനെ പിടിച്ചുതള്ളുകയായിരുന്നു. കൗണ്ടറിലെ പ്രിന്റര്‍ നിലത്തെറിഞ്ഞു തകര്‍ക്കുകയുംചെയ്തു. വ്യോമയാന മന്ത്രാലയത്തിന്റെ നിയമപ്രകാരം വിമാനം പുറപ്പെടുന്നതിന് 45 മിനിറ്റ് മുന്‍പ് കൗണ്ടര്‍ അടയ്ക്കണമെന്നാണ്. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് 28 മിനിറ്റ് മുന്‍പാണ് എം.പി എത്തിയത്. കഴിഞ്ഞവര്‍ഷം വിമാനത്താവളത്തിലെത്തും മുന്‍പ് വിമാനം പുറപ്പെട്ടതിനെ തുടര്‍ന്നും ഇദ്ദേഹം എയര്‍ഇന്ത്യ ഓഫിസിനുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു.
എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്ന് രണ്ടുമാസം മുന്‍പ് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ വിമാനക്കമ്പനികള്‍ യാത്രാനിരോധനമുള്ളവരുടെ പട്ടികയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് മോശമായി പെരുമാറുന്ന യാത്രികരെ മൂന്നുമാസം മുതല്‍ അനിശ്ചിതകാലം വരെ വിലക്കുന്നതിനുള്ള നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കംനടത്തുന്നതിനിടെയാണ് ഭരണമുന്നണിയില്‍പ്പെട്ട പ്രമുഖ കക്ഷിനേതാവ് തന്നെ വിമാനജീവനക്കാരനെ മര്‍ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."