'ടോക് ടൂ എ.കെ' അഴിമതി കേസ് മനീഷ് സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്തു.
സിസോദിയയുടെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. 'ടോക്ക് ടൂ എ.കെ' കാംപയിനുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ സിസോദിയയുടെ പങ്ക് കഴിഞ്ഞ ജനുവരി മുതല്‍ സി.ബി.ഐ അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് സംഘം ഉപമുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള പ്രഥമ ജനസമ്പര്‍ക്ക പരിപാടിയായ 'ടോക്ക് ടൂ എ.കെ' കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് നടന്നത്. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങളടക്കം നിരവധി വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയായിരുന്നു. 1.5 കോടി രൂപയായിരുന്നു പരിപാടിക്കായി വകയിരുത്തിയിരുന്നത്.
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് സി.ബി.ഐ അന്വേഷണമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. കേന്ദ്രം ഏകാധിപതികളുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. എന്നാല്‍, സര്‍ക്കാര്‍ ചെലവിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ പരസ്യതന്ത്രമായിരുന്നു 'ടോക് ടു എ.കെ' പരിപാടിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു.
വിജിലന്‍സ് വിഭാഗമാണ് പരിപാടിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന് കേസെടുത്തത്. ഇതിനു പിറകെ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയായിരുന്നു.
കേസില്‍ സിസോദിയയുടെയും മറ്റ് എ.എ.പി നേതൃത്വത്തിന്റെയും പങ്കാണ് സി.ബി.ഐ പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."