നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം: നിര്‍മാണം നടത്തുന്നത് പഴയ അഴുക്കുചാല്‍ പൊളിക്കാതെ
പരപ്പനങ്ങാടി: നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണത്തോടനുബന്ധിച്ച് ചിറമംഗലം-കുരിക്കള്‍ റോഡ് ഭാഗങ്ങളില്‍ പഴയ അഴുക്കുചാല്‍ പൊളിച്ചുമാറ്റാതെ പണി നടക്കുന്നതായി പരാതി. റോഡിന്റെ ഇരുഭാഗങ്ങളിലെയും നിലവിലെ അഴുക്കുചാലുകള്‍ പൊളിച്ചാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തിവരുന്നത്.
ഇതിനിടെയാണ് ഹോമിയോ ഡിസ്‌പെന്‍സറി മുതല്‍ കുരിക്കള്‍ റോഡ് ജങ്ഷന്‍ വരെ 200 ലധികം മീറ്ററോളം പഴയ അഴുക്കുചാല്‍ പൊളിക്കാതെ പ്രവൃത്തി നടത്തുന്നത്. അഴുക്കുചാല്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പൊളിക്കില്ലെന്നു ഉറപ്പായതോടെ ഇത് സംബന്ധിച്ച് നാട്ടുകാര്‍ അധികാരികളെ സമീപിച്ചപ്പോള്‍ പരസ്പര വൈരുധ്യമായ മറുപടികളാണ് ലഭിച്ചത്.
പഴയ അഴുക്കുചാലിന് ബലമുള്ളതിനാല്‍ പൊളിക്കേണ്ടതില്ലെന്നും ഉയര്‍ത്തിക്കെട്ടുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പരിസരത്തെ കച്ചവടക്കാരോട് പറഞ്ഞിട്ടുള്ളത്.
എല്ലാ ഭാഗങ്ങളിലും ചെയ്തപോലെ ഇവിടെയും പഴയ അഴുക്കുചാല്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണമെന്നും അല്ലാത്ത പക്ഷം നിര്‍മാണം തടസപ്പെടുത്തി പ്രതിഷേധിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."