തെക്കേടത്ത് ഹരിദാസന്റെ ഹൃദയം വലത്താണ്
അനസ് ഇയ്യാട്
എകരൂല്‍: പ്രിയപ്പെട്ടവരെ നാം ഇടതുഭാഗത്ത് ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാറുണ്ടെങ്കിലും ഇയ്യാട് തെക്കേടത്ത് ദേവാമൃതത്തില്‍ ഹരിദാസന്‍ പ്രിയമേറിയവര്‍ക്ക് വലതുഭാഗത്തേ ഇടംനല്‍കാറുള്ളൂ.... കാരണം ഇദ്ദേഹത്തിന്റെ ഹൃദയം വലത്താണ്.
വലതു നെഞ്ചില്‍ കൈവച്ച് തന്റെ ഹൃദയം ഇവിടെയാണെന്ന് ഹരിദാസന്‍ പറയുമ്പോള്‍ കേട്ടുനില്‍ക്കുന്നവര്‍ക്കും കൗതുകം നിറയും. 30 വര്‍ഷം മുന്‍പു വരെ എല്ലാവരെയും പോലെ ഹരിദാസനും കരുതിയത് തന്റെ ഹൃദയം ഇടതു വശത്തിരുന്നാണ് മിടിക്കുന്നതെന്നായിരുന്നു. എന്നാല്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പനി വന്നപ്പോള്‍ നാട്ടിലുള്ള ഡോക്ടര്‍ കെ.കെ മുഹമ്മദ്കുട്ടിയുടെ അടുത്ത് ചികിത്സക്കെത്തിയപ്പോഴാണ് ഈ വിവരമറിയുന്നത്. ഇ.സി.ജി റിപ്പോര്‍ട്ടില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍ വിദഗ്ധ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. അങ്ങനെയാണ് തന്റെ ഹൃദയം വലതു വശത്താണെന്ന് അറിഞ്ഞതെന്നാണ് കര്‍ഷകനായ ഇയ്യാട് തെക്കേടത്ത് ഹരിദാസന്‍ എന്ന 60 കാരന്‍ ചിരിച്ചുകൊണ്ട് പറയാറുള്ളത്.
വൈദ്യശാസ്ത്രം 'ഡെക്‌സ്‌ട്രോകാര്‍ഡിയ' എന്നാണ് ഈ അപൂര്‍വ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. അവയവങ്ങള്‍ രൂപപ്പെടുന്ന ഭ്രൂണാവസ്ഥയില്‍ സംഭവിക്കുന്ന സൂക്ഷ്മ സ്ഥാനചലനം കാരണമാണ് ഹൃദയം വലത് മാറി സ്ഥിതി ചെയ്യുന്നത്. ഇത് ശരീരത്തിന് ഹാനികരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 12 ലക്ഷത്തില്‍ ആയിരം പേര്‍ക്ക് ഈ പ്രതിഭാസം സംഭവിക്കാറുണ്ടെന്നും വൈദ്യശാസ്ത്രം പറയുന്നു.
ശ്യാമളയാണ് ഭാര്യ. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന രവി തെക്കേടത്ത്, വിജയന്‍ എന്നിവരടക്കം നാലു സഹോദരങ്ങളും മൂന്നു സഹോദരിമാരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."