റോഡ് റോളറിന്റെ മുന്‍ഗാമി കല്ലുറോളറുകള്‍ വിസ്മൃതിയിലേക്ക്
മലമ്പുഴ: രാജ്യത്ത് റോഡുനിര്‍മാണത്തിനായി ഉപയോഗിക്കുന്ന റോഡ് റോളറിന്റെ മുന്‍ഗാമിയായ കല്ലുറോളറുകള്‍ വിസ്മൃതിയിലേക്ക്. ആറുപതിറ്റാണ്ടുമുന്‍പുവരെ റോഡുനിര്‍മാണത്തിനായി മെറ്റല്‍ നിരത്തുന്നതിനും ടാറിങ് നടത്തുന്നതിനും ഉപയോഗിച്ചിരുന്നത് കല്ലുറോളറായിരുന്നു. എന്നാല്‍ 1950 കളില്‍ റോഡുറോളറുകള്‍ റോഡുപണിക്കുപയോഗിക്കാന്‍ തുടങ്ങിയതോടെ ഇത്തരം കല്ലുറോളറുകള്‍ വിസ്മൃതിയിലാവുകയായിരുന്നു.
ഏകദേശം ഇന്നത്തെ റോഡ് റോളറുകളില്‍ കാണുന്ന ഭീമന്‍ ചക്രങ്ങളുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കല്ലില്‍ തീര്‍ത്ത റോളറുകള്‍ ( ചക്രങ്ങള്‍) ആയിരുന്നു പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇത്തരം കരിങ്കല്‍ ചക്രങ്ങളുടെ മധ്യഭാഗത്തായി കാണുന്ന ദ്വാരത്തിലൂടെ വടം (ബലമുള്ള കയര്‍) കെട്ടി കന്നുകാലികളെകൊണ്ട് വലിപ്പിച്ചായിരുന്നു ഇത് റോഡിലൂടെ ഉരുട്ടിയിരുന്നത്. ഇത്തരത്തിലുള്ള വടങ്ങളാണ് ഇപ്പോള്‍ രഥോത്സവങ്ങളില്‍ തേരുവലിക്കാനായി ഉപയോഗിക്കുന്നത്. ഇവക്ക് ഏകദേശം 2ടണ്‍ ഭാരമുണ്ടെന്നാണ് പറയുന്നത്.
മലമ്പുഴയിലെ അണക്കെട്ടു നിര്‍മാണത്തിനു വരെ ഇത്തരം കല്ലുറോളറുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. എന്നാല്‍ ഇത്തരം കല്ലുറോളറുകളുടെ കൂറ്റന്‍ ചക്രങ്ങള്‍ ഇതുവരെ ചരിത്രശേഷിപ്പുകളാക്കിയോ ചരിത്രസ്മാരകങ്ങളായോ കാണാന്‍ പുരാവസ്തുവകുപ്പോ ടൂറിസം വകുപ്പോ തയ്യാറായിട്ടില്ല. കല്ലുറോളറുകളുടെ രണ്ടു കല്ലുകള്‍ ഇപ്പോഴും മലമ്പുഴയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാര്‍ഷികയന്ത്രങ്ങള്‍ സൂക്ഷിക്കുന്ന വര്‍ക്ക്‌ഷോപ്പിലുണ്ട്.
നിരവധി പുരാവസ്തുക്കള്‍ സംസ്ഥാനത്തിന്റെ പല ചരിത്ര മ്യൂസിയങ്ങളിലും സ്ഥാനം പിടിക്കുമ്പോള്‍ കല്ലുറോളറുകള്‍ അവഗണിക്കപ്പെടുകയായിരുന്നു. നവീകരണത്തിനായി കോടികള്‍ ചിലവഴിക്കുന്ന വിനോദസഞ്ചാര - ഇറിഗേഷന്‍ വകുപ്പുകള്‍ ഇത്തരം കാലഹരണപ്പെട്ടു കിടക്കുന്ന കല്ലുറോളറുകള്‍ സന്ദര്‍ശകര്‍ക്കു കാണാന്‍ അവസരമൊരുക്കണം.
ഇറിഗേഷന്‍ വകുപ്പിന്റെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഈ റോളറുകള്‍ ഉദ്യാനത്തിലേക്കുമാറ്റിയാല്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കും. ഇപ്പോള്‍ ഇതുകണ്ടാല്‍ ഇന്നത്തെ റോഡ് റോളറിന്റെ മുന്‍ഗാമിയാണെന്നറിയുന്നവര്‍ വിരളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."