ഉള്‍ക്കാട്ടില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം; തുണയായ നഴ്‌സിന് നാടിന്റെ ആദരം
നിലമ്പൂര്‍: ആനക്കാട്ടില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം. തുണയായത് ചാലിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എം.പി സുനു. പന്തീരായിരം വനത്തിനുള്ളിലാണ് പാലക്കയം കോളനിയിലെ വിനോദിന്റെ ഭാര്യ ശ്രീജ രാത്രി ഒരുമണിയോടെ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. എന്നാല്‍ തല മാത്രം പുറത്തുവന്നതോടെ യുവതിയും കുഞ്ഞും പ്രയാസത്തിലായി. പാലക്കയം കോളനിയിലെ കല്യാണി ടീച്ചര്‍ നല്‍കിയ വിമവരമനുസരിച്ച് രാത്രി നഴ്‌സ് സുനു അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സ്ട്രച്ചറുമായി ടാക്‌സി ജീപ്പ് വിളിച്ച് പാലക്കയത്ത് എത്തി. ആനകള്‍ വിഹരിക്കുന്ന കൊടുംകാട്ടിലൂടെയാണ് സുനുവും ഡ്രൈവറും ഒരു സഹായിയും കോളനിയിലെത്തിയത്. ശ്രീജക്ക് രക്തസമ്മര്‍ദം ഏറെയായിരുന്നു. ഉടന്‍ ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ശ്രീജ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. സുനുവിന്റെ തക്ക സമയത്തുള്ള ഇടപെടലിന് സ്റ്റാഫ് അംഗങ്ങള്‍ സുനുവിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ ഉപഹാരം സമര്‍പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."