ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസിന്റെ പൊല്ലാപ്പുകള്‍ അവസാനമില്ലാതെ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് ക്ലബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് ദിനപത്രം എ ബോളയാണ് താരം ക്ലബ് വിടാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിഷയത്തില്‍ ക്ലബിന്റെ സംരക്ഷണം തനിക്ക് ലഭിക്കില്ലെന്ന് ബോധ്യപ്പട്ടതിനാലാണ് ക്രിസ്റ്റ്യാനോ ഇത്തരമൊരു തീരുമാനം എടുത്തതെന്നും റയല്‍ പ്രസിഡന്റ് ഫ്‌ളെരെന്റിനോ പെരസിനെയും ഡയറക്ടര്‍ ജോസ് എയ്ഞ്ചല്‍ സാഞ്ചസിനെയും ഇക്കാര്യം റൊണാള്‍ഡോ അറിയിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റയലുമായുളള താരത്തിന്റെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനും ശ്രമം നടക്കുന്നതായും വാര്‍ത്തകളുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയ്‌നിലേക്കോ മൊണോക്കോയിലേക്കോ താരം ചേക്കേറിയേക്കും. ഏതാണ്ട് 1200 കോടി രൂപയാണ് ക്രിസ്റ്റ്യാനോയെ കൈമാറാന്‍ റയല്‍ ഇട്ടിരിക്കുന്ന വില. കൈമാറ്റ തുകയ്ക്ക് പുറമേ പോര്‍ച്ചുഗല്‍ നായകന്റെ വേതനമടക്കമുള്ള തുക നല്‍കാന്‍ തയ്യാറാകുന്ന ക്ലബുകള്‍ക്ക് താരത്തെ വിട്ടുനല്‍കാനാണ് റയലിന്റെ തീരുമാനം. നിലവില്‍ അഞ്ച് വര്‍ഷ കരാറിലാണ് താരം റയലില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ക്രിസ്റ്റ്യാനോ റയലുമായുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടിയത്. കരാര്‍ പ്രകാരം ഇനി നാല് വര്‍ഷം കൂടി ബാക്കിയുണ്ട്.
2010ല്‍ രണ്ടു കമ്പനി മാതൃകകള്‍ക്ക് രൂപം നല്‍കി വരുമാനം മറച്ചു വയ്ക്കാന്‍ ക്രിസ്റ്റ്യാനോ ശ്രമിച്ചതായി മഡ്രിഡിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ നികുതി വെട്ടിപ്പ് കേസും നിലവില്‍ വന്നു. ക്രിസ്റ്റ്യാനോക്കെതിരേ ഏകദേശം 106 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസാണ് നിലവിലുളളത്. 2011- 14 കാലയളവില്‍ നാല് കേസുകളിലായി റൊണാള്‍ഡോ ഇത്രയും തുക വെട്ടിച്ചെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."