നീറ്റ് പരീക്ഷാ തട്ടിപ്പ്: തൃശൂരിലെ വിദ്യാര്‍ഥിയും പിതാവും അറസ്റ്റില്‍
തൃശൂര്‍: നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയും പിതാവുമുള്‍പ്പെടെയുള്ളവരെ തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ബാലാജി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി രാഹുല്‍, പിതാവ് ഡേവിഡ് എന്നിവരെയാണ് തമിഴ്നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തത്. എസ്.ആര്.എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവീണ്‍, പിതാവ് ശരവണന്, സത്യസായി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി അഭിരാമി എന്നിവരും ഇവരോടൊപ്പം അറസ്റ്റിലായിട്ടുണ്ട്.
വ്യാജ ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച് പകരക്കാരനെ വച്ച് പരീക്ഷയെഴുതിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ മലയാളിയായ ഇടനിലക്കാരന് ജോര്‍ജ് ജോസഫിനെ തമിഴ്നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരുന്ന ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ റഷീദ്, വെല്ലൂര്‍ വാണിയമ്പാടി മുഹമ്മദ് ഷാഫി എന്നിവരെ പൊലിസ് തിരയുന്നുണ്ട്.
ചെന്നൈയിലെ ഇടനിലക്കാര്‍ വഴി 23 ലക്ഷം കൈമാറിയെന്നും എന്നാല്‍ പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നുമാണ് രക്ഷിതാവിന്റെ മൊഴി. ബംഗളൂരു, ലഖ്നൗ തുടങ്ങിയ പരീക്ഷാകേന്ദ്രങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തിരുന്നത്. എന്‍ട്രന്‍സ് പരീക്ഷകരോ എം.ബി.ബി.എസ് വിദ്യാര്‍ഥികളോ ആയിരിക്കാം പരീക്ഷ എഴുതിയതെന്നാണ് പൊലിസ് കരുതുന്നത്.
സി.ബി.സി.ഐ.ഡി സംഘം ഏറ്റെടുത്ത അന്വേഷണം എത്തിനില്‍ക്കുന്നത് മലയാളികളായ ഇടനിലക്കാര്‍ക്ക് മുന്നിലാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."