സഹകരണ സംഘങ്ങളുടെ പൊതുയോഗം ചേരാനുള്ള സമയം നീട്ടി നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം ചേരുന്നതിനുള്ള സമയം മൂന്നുമാസത്തേക്കുകൂടി നീട്ടി നല്‍കും.
സെപ്റ്റംബര്‍ മുപ്പതിന് വാര്‍ഷിക പൊതുയോഗങ്ങള്‍ കൂടി വരവ് ചെലവ് കണക്കുകള്‍ അംഗങ്ങളെ ബോധ്യപ്പെടുത്തിയിരിക്കണമെന്നതാണ് നിലവില്‍ സഹകരണ നിയമത്തില്‍ പറയുന്നത്. ഇതിനാണ് മൂന്നുമാസത്തെകൂടി സാവകാശം അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
സാമ്പത്തിക വര്‍ഷം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വാര്‍ഷിക പൊതുയോഗംകൂടിയിരിക്കണമെന്നാണ് സഹകരണ നിയമത്തില്‍ പറയുന്നത്. എന്നാല്‍ കൃത്യസമയത്ത് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ പല സഹകരണ സംഘങ്ങള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. പല സംഘങ്ങളിലേക്കും സഹകരണ വകുപ്പ് നല്‍കിയ ഓഡിറ്റര്‍മാരുടെ കാര്യക്ഷമതക്കുറവും മെല്ലെപ്പോക്കും തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നതും ഓഡിറ്റിങ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു തടസമായി. ഈ സാഹചര്യത്തിലാണ് പൊതുയോഗത്തിനുള്ള സമയം നീട്ടുന്നത്. സഹകരണ വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ഇതുസംബന്ധിച്ച ഉത്തരവിറങ്ങും.
യഥാര്‍ഥത്തില്‍ സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തില്‍ പെടുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനുള്ള നീക്കമായിവേണം ഇതിനെ കണക്കാക്കാന്‍. ഇത്തരത്തില്‍ സമയബന്ധിതമായി ഓഡിറ്റിങ് പൂര്‍ത്തിയാക്കാന്‍ സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാര്‍ക്ക് കഴിയാത്തതു കാരണം കഴിഞ്ഞ വര്‍ഷങ്ങളിലും വാര്‍ഷിക പൊതുയോഗം കൂടുന്നതിനുള്ള തിയതി നീട്ടി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."