മനംകുളിര്‍പ്പിക്കും കയ്യൂരിലെ ഹൈടെക് കുടുംബാരോഗ്യകേന്ദ്രം
ചെറുവത്തൂര്‍: ആതുരാലയങ്ങളിലെ പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമാണ് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിലേത്. മുറ്റത്ത് മനോഹരമായ പൂന്തോട്ടം, വൃത്തിയുള്ള പരിസരം, ചികിത്സയ്ക്കായി കാത്തുനില്‍ക്കേണ്ടി വന്നാല്‍ വെറുതേയിരുന്നു മുഷിയേണ്ട. ചുമരിലെ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കാം. ചികിത്സ ലഭിക്കും മുന്‍പേ മനംകുളിര്‍ക്കുമെന്നു ഉറപ്പ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാവുകയാണ് കയ്യൂരിലെ ഈ ഹൈടെക് കുടുംബാരോഗ്യകേന്ദ്രം. ദിവസസേന നൂറിലധികം രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. 1980ല്‍ റൂറല്‍ ഡിസ് പെന്‍സറിയായി ആരംഭിച്ച ആരോഗ്യ കേന്ദ്രം പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രം കൂടിയാണിത്. എന്‍ഡോസര്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച ആധുനിക സൗകര്യങ്ങളുള്ള ഇരുനില കെട്ടടിത്തിലാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. വയോജന ക്ലിനിക്ക്, ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്ക്, കൗമാര ആരോഗ്യ ക്ലിനിക്ക്, വയോജന ക്ലിനിക്ക്, വിഷാദ രോഗ ക്ലിനിക്ക് എന്നിവയെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആഴ്ചതോറും അനുയാത്ര എന്നപേരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നു. നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ന്റേഡ് (എന്‍.ക്യു.എ.എസ്) സംസ്ഥാനതല അവലോകനം നടത്തിയതിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഈ ആരോഗ്യ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി ജൈവപച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചു കഴിഞ്ഞു. ചികിത്സാ സൗകര്യങ്ങള്‍ തേടി ദൂരസ്ഥലങ്ങളിലേക്ക് പോകാതെ അരികില്‍ തന്നെ ആധുനിക സൗകര്യങ്ങള്‍ ഒരുങ്ങിയ സന്തോഷത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."