ബഹ്‌റൈനിലെ മനാമ സൂഖില്‍ രണ്ടു വയസ്സുകാരനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തി
മനാമ: ബഹ്‌റൈനിലെ മനാമ സൂഖില്‍ ഒറ്റപ്പെട്ട നിലയില്‍ രണ്ടുവയസ്സുള്ള ആണ്‍കുട്ടിയെ കണ്ടെത്തി. ബാബ, മമ്മ എന്നു മാത്രം സംസാരിക്കുന്ന കുട്ടി ഏഷ്യന്‍ വംശജനാണെന്നാണ് കരുതപ്പെടുന്നത്. രണ്ടു ദിവസം മുന്‍പ് രാത്രി മനാമ സൂഖിലെ ഇമാം അല്‍ ഹുസൈന്‍ അവന്യൂവിനടുത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. പരിസരവാസികളുടെ റിപ്പോര്‍ട്ടനുസരിച്ച് പൊലിസ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും കുട്ടിയുടെ രക്ഷിതാക്കളെയോ ബന്ധുക്കളെയോ ഇതുവരെയും കണ്ടത്താനായില്ല.
ഇതേ തുടര്‍ന്ന് ചുവപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ട് അണിഞ്ഞ കുട്ടിയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലിസ് പ്രചരിപ്പിച്ചിരുന്നു. കുട്ടിയെ കണ്ടെത്തി രണ്ടു ദിവസമായിട്ടും ഇതുവരെ രക്ഷിതാക്കളോ കുട്ടിയുമായി ബന്ധമുള്ളവരോ സ്റ്റേഷനിലെത്തിയിട്ടില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. അതിനിടെ ബഹ്‌റൈനില്‍ നിയമപരമായി താമസിക്കുന്നവരല്ല കുട്ടിയുടെ രക്ഷിതാക്കളെന്ന് സംശയിക്കുന്നതായും അതു കൊണ്ടാവാം അവര്‍ കുട്ടിയെ അന്വേഷിച്ച് വരാത്തതെന്നും എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉസാമ അല്‍ അബ്‌സി പറഞ്ഞു.
ഇതേതുടര്‍ന്ന്, കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തി എല്‍.എം.ആര്‍.എയുടെ ഒരറിയിപ്പ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടിയെ തിരഞ്ഞ് വരുന്ന രക്ഷിതാക്കള്‍ക്ക് വര്‍ക് പെര്‍മിറ്റോ മറ്റ് നിയമാനുസൃത രേഖകളോ ഇല്ലെങ്കിലും അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും കുട്ടിയെ ഉടനെ കൂട്ടികൊണ്ടു പോകണമെന്നുമാണ് അറിയിപ്പില്‍ പറയുന്നത്.
കുട്ടിയെ ലഭിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ പ്രചരണങ്ങളില്‍ ഒരു വനിതാ പൊലിസ് കുട്ടിയെ എടുത്തു നില്‍ക്കുന്ന ഫോട്ടോയാണ് അധികൃതര്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനു പകരം ഇപ്പോള്‍ കുട്ടിയുടെ ഫോട്ടോ മാത്രം വച്ച അറിയിപ്പും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.
നിലവില്‍ ബഹ്‌റൈനിലെ സീഫ് പ്രവിശ്യയിലുള്ള ബറ്റെല്‍കൊ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0097339146208 എന്നതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കുട്ടിയെയോ രക്ഷിതാക്കളെയോ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ 0097317390590 എന്ന നമ്പറില്‍ മനാമബാബുല്‍ ബഹ്‌റൈന്‍ പൊലിസ് സ്റ്റേഷനുമായി ഉടന്‍ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോടും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."