ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ട്രീസയും
ചെറുപുഴ (കണ്ണൂര്‍): ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് പുളിങ്ങോം സ്വദേശി ട്രീസ ജോളിയും. റഷ്യയില്‍ ഇന്നു മുതല്‍ ഒക്ടോബര്‍ 13 വരെയാണ് ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാംപ്യന്‍ഷിപ്പ്. കല്യശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിനിയാണ് ട്രീസ. കണ്ണൂര്‍ സര്‍വകലാശാലാ പ്രൊഫസറും ബി.ഡബ്ല്യു.എഫ്.എ കോച്ചുമായ ഡോ. അനില്‍ രാമചന്ദ്രന്റെ കീഴിലാണു പരിശീലനം നേടിയത്.
2019 ഫെബ്രുവരി മുതല്‍ ജര്‍മനി, നെതര്‍ലന്‍ഡ്, ഇന്തോനേഷ്യ, തായ്ലന്ഡ്, ബംഗ്ലാദേശ്, ചൈന, ദുബൈ എന്നിവിടങ്ങളില്‍ നടന്ന ബി.ഡബ്ല്യു.എഫ്.എ ഇന്റര്‍നാഷനല്‍ ഗ്രാന്‍ഡ് പ്രിക്സ് ടൂര്‍ണമെന്റില്‍ ട്രീസ പങ്കെടുത്തിട്ടുണ്ട്.
ബംഗ്ലാദേശ്, ദുബൈ, ജര്‍മനി എന്നിവിടങ്ങളില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രിക്സ് ടൂര്‍ണമെന്റിന്റെ സിംഗിള്‍സിലും ഡബിള്‍സിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. 2017 മുതല്‍ 19 വരെ നടന്ന സബ് ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇപ്പോള്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലോക റാങ്കിങ്ങില്‍ 35ാം സ്ഥാനത്താണു ട്രീസ. തമിഴ്നാട് താരം വര്ഷിനിയാണു ഡബിള്‍സില്‍ ട്രീസയോടൊപ്പം കളത്തിലിറങ്ങുന്നത്.
കായികാധ്യാപകനും വോളിബോള്‍ പരിശീലകനുമായ ജോളിയുടെയും അധ്യാപികയായ ഡെയ്സിയുടെയും മകളാണു ട്രീസ. സഹോദരി മരിയ ജോളി 2019ലെ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കണ്ണൂര്‍ സര്‍വകലാശാലാ ചാംപ്യനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."