'ജോര്‍ജ് വാഷിങ്ടണിന്റെ സ്ഥാനത്ത് ട്രംപ് സ്വന്തത്തെ പ്രതിഷ്ഠിക്കുമോ'- മോദി രാഷ്ട്രപിതാവ് പരാമര്‍ശത്തിനെതിരെ തുഷാര്‍ ഗാന്ധി
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മോദി രാഷ്ട്രപിതാവ് പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പേരമകന്‍ തുഷാര്‍ ഗാന്ധി. ഇക്കണക്കിന് യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ തലതൊട്ടപ്പന്‍മാരിലൊരാളായ ജോര്‍ജ് വാഷിങ്ടണിന്റെ സ്ഥാനത്ത് ട്രംപ് തന്നെത്തന്നെ പ്രതിഷ്ഠിക്കുമോ- അദ്ദേഹം ചോദിച്ചു. മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. 'നേരത്തെ ഇന്ത്യ ആകെ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. പരസ്പരം കലഹിക്കുകയും പോരടിക്കുകയും ചെയ്യുന്ന അവസ്ഥ. മോദി അവരെയെല്ലാം ഒന്നിച്ചു നിര്‍ത്തി. ഒരു പിതാവ് ചെയ്യുന്ന പോലെ. അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് ആണ്'- എന്നാണ് ട്രംപ് പറഞ്ഞത്.
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം കേന്ദ്രം ആഘോഷിക്കുന്നത് തന്നെ വെറും പ്രതീകാത്മകമായാണ്- തുഷാര്‍ ഗാന്ധി ചൂണ്ടിക്കാട്ടി. രാഷ്ട്രപിതാവിനെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാം.
ആരാണ് നല്ലതെന്ന് കാലം തീരുമാനിക്കും- ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ മഹത്വസത്ക്കരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. വെറുപ്പിനേയും അക്രമത്തേയും പിന്തുണക്കുന്നവര്‍ ഗോഡ്‌സെക്കൊപ്പം നില്‍ക്കും. എനിക്കവരോട് ഒരു വിരോധവുമില്ല. അതവരുടെ അവകാശമാണ്. ബാപ്പുവിനെ ആദരിക്കാന്‍ എനിക്ക് അവകാശമുണ്ട്. ബാപ്പുവിനെ ആദരിക്കുന്നവരെ ഞാന്‍ അംഗീകരിക്കുന്നു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലും ഭരണത്തിലും അങ്ങനെ എല്ലാ മേഖലയിലും ബാപ്പുവിന്റെ ആശയങ്ങള്‍ പതകര്‍ത്താം. എന്നാല്‍ അതൊന്നും സംഭവിക്കുന്നില്ലെന്ന് അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ഗാന്ധിജിയെ കറന്‍സികളിലും സ്വച്ഛ് ഭാരത് അഭിയാന്‍ പോസ്റ്ററുകളിലുമാക്കി ചുരുക്കിക്കളഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."