കാലവര്‍ഷം തുടങ്ങി പുഴമത്സ്യത്തിനായുള്ള വല നെയ്ത്തും
തരുവണ: കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയില്‍ പലയിടങ്ങളിലും വല നെയ്ത്തുകാരും സജീവമായി. പുഴ മത്സ്യം പിടിക്കാന്‍ ഉപയോഗിക്കുന്ന വിവിധ തരം വലകളാണ് നെയ്യുന്നത്.
മഴ ശക്തി പ്രാപിക്കുന്നതോടെ ജില്ലയിലെ പുഴക്കടവുകളിലും വെള്ളം കയറുന്ന വയലുകളിലും മത്സ്യവേട്ടക്കാര്‍ പതിവു കാഴ്ചയാണ്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് നെയ്തുകാര്‍ വലകളൊരുക്കുന്നത്. വീശുവല, തണ്ടാടിവല, ചവിട്ടുവല, കോരുവല, കുത്തുവല തുടങ്ങിയ വിവിധ ഇനം വലകളാണ് കാലവര്‍ഷ പുഴ മത്സ്യ കൊയ്തിന് ഉപയോഗിക്കുന്നത്. വീശുവലക്ക് വലിപ്പത്തിനനുസരിച്ച് 6000 രൂപ മുതല്‍ 10000 രൂപ വരെ വിലയുണ്ട്. സീസണില്‍ വല നെയ്തുകാര്‍ക്കും കൊയ്തു കാലമാണ്. തരുവണ-കിഴക്കുംമൂലയില്‍ കുറ്റിയില്‍ ഇബ്രാഹീം ഇതിനകം വല വില്‍പനയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പനമരത്തായിരുന്നു ഇബ്രാഹീം വല നെയ്തിരുന്നത്. ഇപ്പോള്‍ പീച്ചങ്കോട് വല വില്‍പനക്കായി കട തുറന്നാണ് ഇബ്‌റാഹീം വല നെയ്യുന്നത്. ജൂണ്‍ പകുതി പിന്നിട്ടിട്ടും കാലവര്‍ഷം ശക്തമാകാത്തത് മീന്‍ പിടിത്തക്കാരെ നിരാശരാക്കുന്നുണ്ടെങ്കിലും തദ്ധേശീയര്‍ നെയ്തവലകളുമായി ഇവര്‍ കാത്തിരിക്കുകയാണ്, പുഴ മത്സ്യത്തിന്റെ രുചി നുകരാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."