സഞ്ചാരികളെ ആകര്‍ഷിച്ച് കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രം
കല്‍പ്പറ്റ: വയനാട്ടിലെ പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി കാരാപ്പുഴ വികസിക്കുന്നു. മെയ് 21ന് ആദ്യഘട്ടം ഉദ്ഘാടനം നടന്ന കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.
കഴിഞ്ഞ 11 മുതല്‍ സഞ്ചാരികള്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു. ആദ്യദിനം 23,500 രൂപയാണ് ടിക്കറ്റ് വിറ്റുവരവ് ഉള്‍പ്പടെ വരുമാനം. ആദ്യ ദിനത്തില്‍ 734 ടിക്കറ്റുകളാണ് വിറ്റതെന്ന് ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. സന്ദീപ് പറഞ്ഞു. ജലവിഭവ വകുപ്പിനു കീഴിലാണ് കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രം. പ്രകൃതിദൃശ്യങ്ങളും റോസ് ഉദ്യാനവും ജലസേചന പദ്ധതിയുടെ ഭാഗമായ അണക്കെട്ടുമാണ് കാരാപ്പുഴയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
അണക്കെട്ടിനടുത്ത് ഫിഷറീസ് വകുപ്പ് സ്ഥാപിച്ച പബ്ലിക് അക്വേറിയമാണ് മറ്റൊരു ആകര്‍ഷണം. 12.5 ഏക്കറിലാണ് പനിനീര്‍പ്പൂക്കളുടെ ഉദ്യാനം.
400ല്‍ പരം ഇനങ്ങളിലായി 5000 ഓളം റോസ് ചെടികളാണ് ഉദ്യാനത്തിലുള്ളത്. കാരാപ്പുഴയില്‍ വിനോദസഞ്ചാരത്തിനു യോജിച്ച 100 ഏക്കര്‍ സ്ഥലമാണ് ഉള്ളത്. ഇതില്‍ ഏകദേശം 20 ഏക്കര്‍ ഉപയോഗപ്പെടുത്തി 7.21 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. റോസ് ഗാര്‍ഡനു പുറമേ ആംഫി തിയറ്റര്‍, ടൂറിസ്റ്റ് അറൈവല്‍ കം ഫസിലിറ്റേഷന്‍ സെന്റര്‍, പാത്ത് വേ, കുട്ടികളുടെ പാര്‍ക്ക്, റെസിബോ, സുവനീര്‍ ആന്‍ഡ് സ്‌പൈസ് സ്റ്റാള്‍, വാട്ടര്‍ ഫൗണ്ടന്‍, ബയോഗ്യാസ് പ്ലാന്റ്, പാര്‍ക്കിങ് ഏരിയ, ബാംബു ഗാര്‍ഡന്‍, ലൈറ്റിങ്, ലാന്‍ഡ് സ്‌കേപ്പിങ്, ടോയ്‌ലറ്റ് തുടങ്ങിയവയാണ് പ്രഥമഘട്ടത്തില്‍ യാഥാര്‍ഥ്യമാക്കിയത്.
രണ്ടാംഘട്ടം പ്രവൃത്തികള്‍ക്കായി നാല് കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. സോളാര്‍ ബോട്ടിങ്, വാച്ച് ടവര്‍, ശലഭോദ്യാനം, കുട്ടികളുടെ സ്വിമ്മിങ് പൂള്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
വയനാടിന്റെ ടൂറിസം ഹബ്ബായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാരാപ്പുഴയിലെ വിനോദസഞ്ചാര വികസനം മൂന്‍നിര്‍ത്തി കാക്കവയല്‍-വാഴവറ്റ-അമ്പലവയല്‍-എടക്കല്‍ റോഡ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയെ സംബന്ധിച്ചിടത്തോളം ടൂറിസം വികസനത്തില്‍ വലിയ പ്രാധാന്യമുള്ള പാതയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."