കാളികാവ് മുഖം മിനുക്കുന്നു; ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് ഒന്നരക്കോടിയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായി
കാളികാവ്: ടൗണിന്റെ സൗന്ദര്യവല്‍ക്കരണത്തിനായുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. കാളികാവ് ഗ്രാമ പഞ്ചായത്ത് ഓഫിസ് മുതല്‍ ജങ്ഷന്‍ നിലമ്പൂര്‍ റോഡിലെ യാഖൂബി വരെയുള്ള ഭാഗമാണ് സൗന്ദര്യവല്‍ക്കരണത്തില്‍ ഉള്‍പ്പെടുന്നത്.
ഒരു കോടി 58 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പുറ്റമണ്ണ മുതല്‍ ജങ്ഷന്‍ വരെയുള്ള 160 മീറ്റര്‍ റോഡിന്റെ റബറൈസിഡ് പ്രവൃത്തിയും പൂര്‍ത്തിയാക്കും. എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.
കാളികാവ് അങ്ങാടിയിലും ജങ്ഷനിലും റോഡിന്റെ ഇരു ഭാഗങ്ങളിലും അഴുക്കുചാല്‍ നിര്‍മിച്ച് മുകളില്‍ കട്ട വിരിച്ച് നടപ്പാതയും സജീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ പറഞ്ഞു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതിനാല്‍ പ്രവൃത്തി ഉടനെ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അഴുക്കുചാല്‍ നിര്‍മാണത്തിനായി റോഡിന്റെ ഇരുഭാഗങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് വി.പി.എ നാസര്‍ പറഞ്ഞു.
പഴയ പാലത്തോട് ചേര്‍ന്ന പുറമ്പോക്കില്‍ ടാക്‌സി സ്റ്റാന്‍ഡ് നിര്‍മാണത്തിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസം മുന്‍പ് അങ്ങാടിക്കും ജങ്ഷനും ഇടയില്‍ പുറമ്പോക്ക് ഭൂമി അളവില്‍ കണ്ടെത്തിയിട്ടുണ്ട്.
കാളികാവ് വില്ലേജ് ഓഫിസര്‍ റഷീദിന്റെ നേതൃത്വത്തിലാണ് പുറമ്പോക്ക് ഭൂമി അളന്നത്.
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് വിശാലമായ സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ടൗണ്‍ സൗന്ദര്യവല്‍കരണം പൂര്‍ത്തിയാകുന്നതോടെ കാളികാവ് അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരവും കാല്‍നട യാത്ര സൗകര്യം മെച്ചപ്പെടുകയും ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."