HOME
DETAILS
MAL
ബഹ്റൈനില്‍ പലിശക്കെണിയിലകപ്പെട്ട മലയാളി യുവതിക്ക് പലിശ വിരുദ്ധ സമിതിയുടെ ഇടപെടല്‍ ആശ്വാസമായി
backup
November 06 2018 | 15:11 PM
#ഉബൈദുല്ല കൊമ്പംകല്ല്
മനാമ: ബഹ്‌റൈനില്‍ പലിശക്കെണിയില്‍ കുടുങ്ങി ആത്മഹത്യയുടെ വക്കിലെത്തെിയ യുവതിക്ക് പ്രവാസി പലിശ വിരുദ്ധ സമിതിയുടെ ഇടപെടല്‍ ആശ്വാസമായി.
സാമ്പത്തിക ഞെരുക്കമുണ്ടായപ്പോഴാണ് യുവതി പരിചയക്കാരനും നാട്ടുകാരനുമായ യുവാവില്‍ നിന്ന് പലിശക്ക് പണം വായ്പയായി വാങ്ങിയത്. 18 മാസത്തോളം മുതലും പലിശയുമടക്കം വാങ്ങിയതിനേക്കാള്‍ ഇരട്ടി സംഖ്യ നല്‍കിയെങ്കിലും പിന്നെയും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഈയിടെ ബഹ്റൈനില്‍ പുന:സ്സംഘടിപ്പിച്ച പലിശ വിരുദ്ധ സമിതിയെ കുറിച്ചുള്ള വാര്‍ത്ത യുവതിയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ കണ്ട് ഫോണ്‍ നമ്പറില്‍ വിളിച്ച് യുവതി വിവരങ്ങളറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് പലിശ വിരുദ്ധ സമിതി വിഷയത്തില്‍ ഇടപെടുകയും പലിശക്ക് പണം കൊടുത്ത യുവാവിനോട് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ നിയമനടപടികളടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി താക്കീത് നല്‍കുകയും ചെയ്തു. യുവതിയെ ഇനിയൊരിക്കലും ശല്യപ്പെടുത്തുകയോ വീണ്ടും പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന ഉറപ്പും സമിതി വാങ്ങിയിട്ടുണ്ട്. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നാട്ടില്‍ നിന്നടക്കം സമിതി ശേഖരിച്ചതിന് ശേഷമാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചത്.
ബഹ്റൈനിലുടനീളം പലിശ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി വിവിധ ഏരിയ കമ്മറ്റികള്‍ രൂപികരിക്കാന്‍ കമ്മറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ സുപ്രഭാതത്തെ അറിയിച്ചു. സമിതിയില്‍ അനേകം പരാതികളാണ് ഈയിടെ ലഭിച്ചത്.
കഴിഞ്ഞ ദിവസം ഇവിടെ ചേര്‍ന്ന യോഗത്തില്‍ ഫസല്‍ പേരാമ്പ്ര, ടി.എം രാജന്‍, എന്നിവരെ യഥാക്രമം മുഹറഖ്, റിഫ എന്നീ യൂനിറ്റ് കമ്മറ്റികള്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തി.
ജമാല്‍ ഇരിങ്ങല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യോഗാനന്ദ്, ദിജി, നിസാര്‍ കൊല്ലം, ടി.എം രാജന്‍, ഷാജിത്ത്, സിബിന്‍, ഷിബു പത്തനംതിട്ട, നാസര്‍ മഞ്ചേരി, സലാം മംബാട്ട് മൂല, അഷ്‌ക്കര്‍ പൂഴിത്തല, പങ്കജനാഭന്‍ എന്നിവര്‍ സംസാരിച്ചു.
പലിശക്കെണിയില്‍ കുടുങ്ങിയവര്‍ക്കും സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും 00973-33882835, 33748156, 38459422 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."