'ജിമ്മി'യുടെ നിതാന്ത ജാഗ്രത; ടാസ് റോഡില്‍ രാത്രികാല കവര്‍ച്ചകള്‍ ഒതുങ്ങി
ആലുവ: ജിമ്മിയെന്ന നായയോട് ആലുവ ടാസ്റോഡ് നിവാസികള്‍ക്ക് വലിയ ഇഷ്ടമാണ്. തെരുവില്‍ അലഞ്ഞുനടന്ന ജിമ്മിക്ക് രാത്രിയും പുലര്‍ച്ചെയും ഭക്ഷണം നല്കാന് ടാസ് റോഡിലുളളവര് മത്സരിക്കുകയാണ്. ഇറച്ചി, പാല്, ബിസ്കറ്റ് അങ്ങിനെ പോകുന്നു ജിമ്മിക്കുവേണ്ടി കരുതിവയ്ക്കുന്ന സാധനങ്ങളുടെ പട്ടിക.
ആലുവ നഗരത്തിലെ മധ്യഭാഗത്ത് റെയില്‍വേ സ്റ്റേഷന്റെ പുറക് വശത്തായാണ് ടാസ്ഹാള് റോഡ്. ഈ പരിസരത്ത് രാത്രിയായാല്‍ മയക്കുമരുന്ന് വിതരണക്കാരും അനാശാസ്യസംഘങ്ങളും കേന്ദ്രീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ റോഡില്‍ കവര്‍ച്ചയും പതിവായിരുന്നു.
പലരും വീടുകളില്‍ സ്വസ്ഥമായി ഉറങ്ങുവാന്‍ തന്നെ ഭയന്നിരുന്നു. അതുകൊണ്ടാണ് ഇന്നത്തെ പോലെ റസിഡന്റ്സ് അസോസിയേഷനുകള്‍ പെരുകുന്നതിന് വളരെ വര്‍ഷം മുമ്പുതന്നെ ടാസ്റോഡില് റസിഡന്റ്സ് അസോസിയേഷന് രൂപപ്പെട്ടത്.
അസോസിയേഷനിലെ എണ്‍പതോളം അംഗങ്ങള്‍ മാസം തോറും നിശ്ചിത തുക വീതം മാറ്റിവച്ചാണ് വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 5 വരെ രാമചന്ദ്രന് എന്ന വാഴക്കുളം സ്വദേശിയെ റോഡ് കാവലിനായി നിയോഗിച്ചത്. ഈ റോഡിലൂടെ അലഞ്ഞുനടന്ന ജിമ്മിയെന്ന നായയ്ക്ക് രാമചന്ദ്രന് ഒരു രാത്രി ഭക്ഷണം നല്കി. പിന്നീട് ഇതേ സമയം നോക്കി ഭക്ഷണത്തിനായി ജിമ്മിയെത്തുവാന് തുടങ്ങി. റോഡിലൂടെ റേന്ത് ചുറ്റൂമ്പോള് പിന്നീട് പുലര്‍ച്ചെ വരെ ജിമ്മി രാമചന്ദ്രനൊപ്പം സജീവമായുണ്ടാകും.
ആരോഗ്യവും കുരയും കേട്ടാല്‍ ആരും അടുക്കില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ ഏതാനും നാളുകളായി അനാശാസ്യപ്രവര്‍ത്തകരും ഈ റോഡിലേക്ക് എത്തുന്നില്ല.
രാമചന്ദ്രന് ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയാല്‍ ഉടന്‍ ജിമ്മിയും ഇവിടെ നിന്ന് പൊയ്ക്കളയും പിന്നീട് പഴയ പങ്കജം റോഡലുളള ജനം ടിവിയുടെ സ്റ്റുഡിയോയ്ക്ക് സമീപമുളള തിണ്ണയില്‍ ഉറങ്ങുകയെന്നതാണ് പ്രധാന ഹോബി.
നാട്ടുകാര്‍ നല്കുന്ന ഭക്ഷണമൊക്കെ കഴിക്കുമെങ്കിലും രാമചന്ദ്രനോട് മാത്രമേ ഇവന് വിശ്വസ്ത കൂട്ടുകാരനാകുവാന്‍ തയ്യാറാകുകയുളളൂ. രാമചന്ദ്രന് ഏതെങ്കിലും കാണവശാല് ഡ്യൂട്ടിക്കെത്താത്ത ദിവസമുണ്ടെങ്കില്‍ പതിവുപോലെ ഏഴു മണിക്കെത്തി അല്‍പ്പനേരം ചുറ്റിനടന്ന ശേഷം നാട്ടുകാരുടെ ഭക്ഷണവും സേവിച്ച് ഉടന്‍ മുങ്ങുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."