വിദ്യാഭ്യാസ നിലവാരം: കേരളം ഒന്നാമത്; ഏറ്റവും പിന്നില്‍ യു.പി
ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാര ഇന്‍ഡെക്‌സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
വിദ്യാഭ്യാസ നിലവാരത്തില്‍ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കര്‍ണാടകയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഉത്തര്‍പ്രദേശ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.വിദ്യാര്‍ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള 29 മാനദണ്ഡങ്ങളും മാനേജ്‌മെന്റ്, ഭരണം എന്നിവയുടെ അടിസ്ഥാനത്തില്‍ 15 മാനദണ്ഡങ്ങളുമാണ് വിദ്യാഭ്യാസ നിലവാര ഇന്‍ഡെക്‌സില്‍ പരിശോധനാ വിധേയമാക്കുന്നത്. റാങ്കിങ് നിശ്ചയിക്കുന്നത് വിദ്യാഭ്യാസ നിലവാരം, വിദ്യാഭ്യാസ ലഭ്യത, അടിസ്ഥാന സൗകര്യം, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. 201617 വര്‍ഷത്തെ ഇന്‍ഡെക്‌സ് ആണ് ഇപ്പോള്‍ മന്ത്രാലയം പുറത്തു വിട്ടത്.
ലോക ബാങ്ക്, മറ്റ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് നീതി ആയോഗ് ഇത് തയ്യാറാക്കിയത്. താരതമ്യ പഠനത്തിനായി വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പഠനം നടത്തിയത്.സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കാന്‍ പോവുകയാണ്. 45, 000 ക്ലാസ് റൂമുകള്‍ ഹൈടെക് ആയി കഴിഞ്ഞു.
സ്‌കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. കിഫ്ബി വഴി 2037. 91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രം നടപ്പിലാക്കി വരുന്നത്. പാഠ്യവിഷയങ്ങളില്‍ ഏറ്റവും മികച്ച ഫലം ഉണ്ടാക്കുന്നത് തമിഴ്‌നാടാണെന്ന് സൂചിക പറയുന്നു. ഹരിയാനയാണ് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളത്. ചെറിയ സംസ്ഥാനങ്ങളില്‍ മണിപ്പൂരാണ് മികച്ച പ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."