പള്ളിയില്‍ അതിക്രമിച്ച് കയറിയയാളുടെ പേര്‌കേട്ട് ഞെട്ടിയത് വിദ്യാര്‍ഥികള്‍
കൊടുങ്ങല്ലൂര്‍:പള്ളിയില്‍ അതിക്രമിച്ച് കയറിയയാളെ പിടികൂടിയപ്പോള്‍ ഞെട്ടിയത് കൊടുങ്ങല്ലൂര്‍നഗരത്തിലെ പാരലല്‍ കോളജ് വിദ്യാര്‍ഥികളാണ്. കാരണം അവര്‍ക്ക് ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാനാകാത്ത രാജഗോപാല്‍ (മുഹമ്മദ്) സാറെയാണ് പൊലിസ് അറസ്റ്റ് ചെയ്തത് .
പള്ളിയില്‍ അതിക്രമിച്ച് കയറി ജയ് ശ്രീറാം എന്നെഴുതിയ സംഭവ ദിവസം രാജഗോപാല്‍ ക്ലാസ് കഴിഞ്ഞിറങ്ങിയതാണ്, പിറ്റേ ദിവസം പതിവുപോലെ കോളജില്‍ എത്തുകയും ചെയ്തു. ഇതിനിടെ ഇയാളുടെ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പെട്ട് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇയാള്‍ മുടങ്ങാതെ ജോലിക്കെത്തിക്കൊണ്ടിരുന്നു.
നാടുനീളെ പൊലിസ് പ്രതിയെ തേടിയലയുമ്പോള്‍ ഇയാള്‍ എല്ലാ ദിവസവും പൊലിസ് സ്റ്റേഷന് എതിര്‍വശത്ത് കോടതി വളപ്പിലുള്ള മില്‍മ ബൂത്തില്‍ ചായ കുടിക്കാനെത്താറുണ്ട്. ഇക്കഴിഞ്ഞ ദിവസം പാരലല്‍ കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥി കോളജ് പ്രിന്‍സിപ്പലിനെ വിളിച്ച് സംശയം പ്രകടിപ്പിച്ചു.
പള്ളിയില്‍ അതിക്രമം നടത്തിയ ആളുടെ ഫോട്ടോക്ക് പാരലല്‍ കോളജ് അധ്യാപകന്റെ മുഖഛായയുണ്ടെന്ന പൂര്‍വ വിദ്യാര്‍ഥിയുടെ സംശയം ശരിയാണെന്ന് മനസിലാക്കിയ പ്രിന്‍സിപ്പല്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഇയാളെ പൊലിസിന് കൈമാറുകയുമായിരുന്നു.
രാജഗോപാല്‍ ഇത്തരമൊരു കേസില്‍ ഉള്‍പ്പെട്ടുവെന്നത് പാരലല്‍ കോളജിലെ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവിശ്വസനീയമായ വാര്‍ത്തയാണ്. നന്നായി ക്ലാസെടുക്കുന്ന മിതഭാഷിയായ അദ്ധ്യാപകന്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്ന വാര്‍ത്ത ഇവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
കേസ് അന്വേഷണത്തില്‍ റൂറല്‍ എസ്.പി എന്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ എസ്.ഐ ജിനേഷ്, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ എം.പി.മുഹമ്മദ് റാഫി, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ പി.ജയകൃഷ്ണന്‍ ,സി ആര്‍ പ്രദീപ്,പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ ജെ. ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ ടി.എം സഞ്ജയന്‍ ,സുനില്‍ കുമാര്‍ ,സുരേന്ദ്രന്‍ ,സിവില്‍ പോലീസ്ഓഫീസര്‍മാരായ കെ.പി.തോമസ്,ഒ.എഫ് ജോസഫ്. മിഥുന്‍,ഷിബു ,ജിബിന്‍ ,ശ്രീജിത്ത് ,അനൂപ് ,ജോസഫ്, മനോജ് ,സുജിത്ത് ,ഹണി മോന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."