മുഖ്യമന്ത്രിയുടെ ബി.ജെ.പി വിരുദ്ധ നിലപാട് കാപട്യം: പി.സി വിഷ്ണുനാഥ്
വടകര: സി.പി.എം നേതൃത്വം പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും നാഴികയ്ക്ക് നാല്‍പ്പത് വട്ടം കുറ്റംപറയുകയും കപടമതേതരമുഖംമൂടി അണിയുകയും ചെയ്യുമ്പോള്‍ പിണറായി വിജയന്‍ കൊച്ചിമെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ട് നിര്‍വഹിപ്പിക്കുകവഴി ബി.ജെ.പി നേതൃത്വത്തെ പ്രീണിപ്പിക്കുകയും പ്രധാനമന്ത്രിയുടെ വിശ്വസ്ത വിനീതനായി മാറുകയുമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്.
കോണ്‍ഗ്രസ് നേതാവും വാഗ്മിയുമായ പൊന്നാറത്ത് ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടചങ്കനല്ലെങ്കിലും തികഞ്ഞമതേതരവാദിയായ സിദ്ധരാമയ്യ എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി കര്‍ണാടകയില്‍ മെട്രോ ഉദ്ഘാടനം ചെയ്യിച്ചത് രാഷ്ട്രപതിയെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാഗോപിനാഥിനെയും സി.ബി.ഐ ഉദ്ദ്യോഗസ്ഥനായിരുന്ന ബെഹ്‌റയെയും സംസ്ഥാന ഭരണത്തിന്റെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കുക വഴി നരേന്ദ്രമോദിയോടുള്ള ഭക്തി നേരത്തെതന്നെ പിണറായി വ്യക്തമാക്കിയതാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
യോഗത്തില്‍ കൂടാളി അശോകന്‍ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കടമേരി ബാലകൃഷ്ണന്‍, ഐ. മൂസ, ഇ.നാരായണന്‍നായര്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, പുറന്തോടത്ത് സുകുമാരന്‍, കാവില്‍രാധാകൃഷ്ണന്‍, സി.പി വിശ്വനാഥന്‍, പി.ടി.കെ നജ്മല്‍, പി.എസ് രഞ്ജിത്ത്കുമാര്‍, എന്‍.ബി പ്രകാശ്കുമാര്‍, പി.പി കുഞ്ഞിക്കേളു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."